എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുഖ്യ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മല്‍സരിക്കുമെന്ന് ആം ആദ്മി
എഡിറ്റര്‍
Saturday 1st February 2014 2:06am

aam-admy-party

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അഴിമതി-കുറ്റകൃത്യ രാഷ്ട്രീയത്തിനെതിരെയുള്ള മുന്നേറ്റമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു

അഴിമതിയില്‍ മുങ്ങിക്കിടക്കുന്നവരായി കെജ്‌രിവാള്‍ ചില നേതാക്കളുടെ പേര് എടുത്തു പറയുകയും തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കെതിരെ മല്‍സരിക്കുമെന്ന് വ്യക്തമാക്കുകുയം ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, കപില്‍ സിബല്‍, പി. ചിദംബരം, കമല്‍നാഥ്, വീരപ്പ മൊയ്‌ലി, പവന്‍കുമാര്‍ ബന്‍സല്‍, ജി.കെ വാസന്‍, തരുണ്‍ ഗോഗോയ്, നവീന്‍ ജിന്‍ദല്‍, സുരേഷ് കല്‍മാഡി എന്നിവരും ബി.ജെ.പി നേതാക്കളായ നിഥിന്‍ ഗഡ്കരി, ബി.എസ് യെദ്യൂരിയപ്പ, ആനന്ദ് കൂമാര്‍, അനുരാഗ് ഥാകൂര്‍ എന്നിവരാണ് കോണ്‍ഗ്രസ്, ബി.ജെ.പിയില്‍നിന്ന് കെജ്‌രിവാള്‍ പേരെടുത്തു പറഞ്ഞവര്‍.

മുലായംസിങ് യാദവ്, ശരത് പവാര്‍ പ്രഫുല്‍ പട്ടേല്‍, എം.കെ അഴകിരി, കനിമൊഴി, എ രാജ, എച്ച്.ഡി കുമാരസ്വാമി, ജഗന്‍മോഹന്‍ റെഡ്ഢി, മായാവതി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരും അഴിമതിക്കാരാണെന്നും ഇവര്‍ക്കെതിരെയും മല്‍സരിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും തങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനായി 500 കോടി രൂപയിലധികം ചെലവഴിക്കുന്നതായി കെജ്‌രിവാള്‍ ആരോപിച്ചു.

ഇവര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ പ്രശസ്തി വര്‍ധിക്കുന്നതിനായി ഇന്ധന വില വര്‍ധിപ്പിക്കുക മാത്രമല്ല, ജനങ്ങളുടെ നികുതിയില്‍നിന്നും തുക ഈടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ദല്‍ഹി മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കുന്നത് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

Advertisement