എഡിറ്റര്‍
എഡിറ്റര്‍
ദില്ലിയിലെ വൈദ്യുതി നിരക്ക് പകുതിയാക്കുമെന്ന് എ.എ.പി: പ്രകടന പത്രിക പുറത്തിറക്കി
എഡിറ്റര്‍
Wednesday 20th November 2013 11:36pm

aravind-kejrival

ന്യൂഡല്‍ഹി: അധികാരത്തില്‍ വന്നാല്‍ 15 ദിവസത്തിനുള്ളില്‍ ജനലോക്പാല്‍ബില്‍ നടപ്പില്‍ വരുത്തുമെന്ന്് ആം ആദ്്മി പാര്‍ട്ടി. ഇതടക്കമുള്ള നിരവധി മോഹന വാഗ്ധാനങ്ങളുമായി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി.

ദില്ലിയിലെ വൈദ്യുതി നിരക്ക് നിലവിലേതിനെക്കാള്‍ പകുതിയായി കുറയ്ക്കുമെന്നതാണ് സുപ്രധാന വാഗ്ദാനം.

ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം, സൗജന്യ കുടിവെള്ളം, പട്ടികജാതിക്കാര്‍ക്ക് പലിശരഹിത വായ്പ, പലചരക്കു കടകളിലെ വിദേശ നിക്ഷേപം ഇല്ലാതാക്കും, സ്തീകളുടെ സുരക്ഷ ഉറപ്പ് വരുത്തും, സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തും, കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, അങ്ങിനെ നിരവധിയാണ് തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍.

അധികാരം കുറച്ചു പേരില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കി മൊഹല്ല സഭകള്‍ അഥവാ കോളനി അസംബ്‌ളികള്‍ രൂപീകരിച്ച് അധികാരം ജനങ്ങള്‍ക്ക് നല്‍കുമെന്നും പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

കോളനി അസംബ്‌ളികള്‍ക്ക് വര്‍ഷം തോറും ഫണ്ട് നല്‍കും. തങ്ങളുടെ പ്രദേശത്ത് എന്തു തരത്തിലുള്ള വികസനം വേണമെന്ന് ജനങ്ങളാകും നിശ്ചയിക്കുക. അതനുസരിച്ച് എം.എല്‍.എമാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുമെന്നും യാദവ് വിശദീകരിച്ചു.

പൊലീസിന്റെ നിയന്ത്രണം ദില്ലി സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരും.  നിലവില്‍ ദില്ലി പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.

അഴിമതിക്കെതിരായ സന്ധിയില്ലാ സമരവുമായി രാഷ്ട്രീയത്തിലേക്ക് വന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കും എന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവിധ അഭിപ്രായ സര്‍വ്വേകളും ഇക്കാര്യം ശരിവെക്കുന്നു. എന്തായാലും ഭരണകക്ഷിയായ കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്കും വെല്ലുവിളിയാകാനുള്ള ശ്രമത്തിലാണ് എ എ പി.

Advertisement