എഡിറ്റര്‍
എഡിറ്റര്‍
കൈക്കൂലിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ആം ആദ്മി; ദല്‍ഹി ജലബോര്‍ഡിലെ 800 പേരെ സ്ഥലംമാറ്റി
എഡിറ്റര്‍
Tuesday 7th January 2014 9:38am

arvind-kejrival1

ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ##ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍. ദല്‍ഹി ജലബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വകുപ്പിലെ അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കിയുമാണ് പാര്‍ട്ടിയുടെ ജൈത്ര യാത്ര.

ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത്.

ദല്‍ഹി ജല ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ മുഖ്യമന്ത്രി ##അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശം അനുസരിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

ചീഫ് വാട്ടര്‍ അനലിസ്റ്റ് വിനോദ് കുമാര്‍, പട്വാരി സുനില്‍ കുമാര്‍, മീറ്റര്‍ റീഡര്‍ അതുല്‍ പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടതെന്ന് വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പ് മന്ത്രി മനീഷ് ശിശോദിയ വ്യക്തമാക്കി.

ഹെഡ്‌ലൈന്‍സ് ടുഡേ നടത്തിയ ഓപ്പറേഷന്‍ ആം ആദ്മി എന്ന ഒളിക്യാമറാ ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായത്.

നിര്‍മാണാവശ്യങ്ങള്‍ക്ക് ജലം വിതരണം നടത്തുന്നതിനുള്ള റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കുന്നതിന് ഉദ്യോഗസ്ഥന്‍ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

മീറ്റര്‍ റീഡിംഗിനും ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ഈ റിപ്പോര്‍ട്ടിന് ശേഷമാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിറക്കുന്നത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കെജ്‌രിവാള്‍ പ്രത്യേക ഉത്തരവിലൂടെ ജല ബോര്‍ഡിന്റെ സി.ഇ.ഒ ദെബാശിശ് മുഖര്‍ജിയെ സ്ഥലംമാറ്റിയിരുന്നു.

ജലവിതരണം കാര്യക്ഷമമായി നടത്തുന്നതിന് കൂടുതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.

നഗരത്തിലെ ടാങ്കര്‍ മാഫിയക്കെതിരായ നടപടിക്കാണ് അടുത്ത പരിഗണനയെന്നാണ് അറിയുന്നത്.

അതേസമയം സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടാല്‍ അത് നല്‍കണമെന്നും

എന്നാല്‍ പിന്നീട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിനായി പ്രത്യേക നമ്പര്‍ നല്‍കും. ഈ നമ്പറിലാണ് പരാതി നല്‍കേണ്ടതെന്ന് വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പ് മന്ത്രി മനീഷ് ശിശോദിയ വ്യക്തമാക്കി.

Advertisement