എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥികള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്
എഡിറ്റര്‍
Monday 25th November 2013 10:09am

aam-admi-party

ന്യൂദല്‍ഹി: സ്റ്റിങ് ഓപ്പറേഷന്‍ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്. ദൃശ്യങ്ങള്‍ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള കാര്യത്തില്‍ തങ്ങള്‍ പൂര്‍ണബോധ്യമുണ്ടെന്ന് പാര്‍ട്ടി പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പുറത്ത് വന്ന സി.ഡി ദൃശ്യങ്ങളില്‍ പാര്‍ട്ടിയുടെ എട്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിരുന്നു.

സ്റ്റിങ് ഓപ്പറേഷന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്‌തെന്ന് വ്യക്തമായി. പത്രസമ്മേളനത്തില്‍ പാര്‍ട്ടി അറിയിച്ചു.

മുഴുവന്‍ വീഡിയോ ഫൂട്ടേജും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. തിരുത്തലുകള്‍ വരുത്തിയ ഭാഗങ്ങള്‍ പ്രത്യേകമായും പുറത്തിറക്കും. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുമാണ് ലഭിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. മീഡിയസര്‍ക്കാര്‍ എന്ന പോര്‍ട്ടലാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്.

‘ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ എല്ലാ നേതാക്കളും വിശ്വസ്തരാണ്.’ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

മാധ്യമങ്ങളോട് സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട യാദവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ അങ്ങേയറ്റം മോശമായ രീതിയില്‍ കെട്ടിച്ചമച്ചതാണെന്നെും പറഞ്ഞു. ആധികാരികത പരിശോധിക്കാതെയാണ് മാധ്യമങ്ങള്‍ ഇവ സംപ്രേഷണം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ആര്‍.കെ പുരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഷാസിയ ഇല്‍മി വിസമ്മതിച്ചു. കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്താതെ ഇല്‍മി സംഭാവനകള്‍ സ്വീകരിക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

‘ഇല്‍മി ഇത്തരമൊരു കാര്യത്തില്‍ കള്ളം പറയില്ല. ദൃശ്യങ്ങളിലെ ഈ ഭാഗം എഡിറ്റ് ചെയ്തതാണ്. സംഭാഷണം ബോധപൂര്‍വം സംഭാവനയിലേയ്ക്ക് മാറ്റുകയാണ്. സി.ഡിയില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതുപോലെ അവര്‍ സംഭാവനയെക്കുറിച്ച് സംസാരിക്കുന്നതും. ആയിരങ്ങളെ കുറിച്ച് പറഞ്ഞത് എഡിറ്റ് ചെയ്ത് ലക്ഷങ്ങളാക്കിയിരിക്കുന്നു.’ യാദവ് കൂട്ടിച്ചേര്‍ത്തു.

Advertisement