എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി നിരക്ക് കുറച്ചില്ലെങ്കില്‍ അംബാനിയുടെ വീടിന് മുമ്പില്‍ ജീവനൊടുക്കും: കോണ്‍ഗ്രസ് എം.പി
എഡിറ്റര്‍
Sunday 26th January 2014 12:13am

sanjay-nirupam

മുംബൈ: ദല്‍ഹിയിലെ ആം ആദ്മി മോഡലില്‍ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ വെട്ടിക്കുറക്കണമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ലെങ്കില്‍ റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ വീടിനു മുന്നില്‍ ജീവനാടുക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ സഞ്ജയ് നിരുപം ഭീഷണി മുഴക്കി.

ദല്‍ഹിയിലെതുപോലെ മുംബൈയിലും വൈദ്യുതി നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും വൈദ്യുത വിതരണ കമ്പനികളുടെ ഒത്തുകളി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈയില്‍ കാന്തിവലിയിലെ റിലയന്‍സ് എനര്‍ജി റീജിയണല്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന സഞ്ജയ് നിരുപം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

മുംബൈയില്‍ വൈദ്യുതി വിതരണം നടത്തുന്ന സ്വകാര്യ കമ്പനികളെ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ നടപടി എടുക്കണമെന്നും സമരം നടത്തുന്ന സഞ്ജയ് നിരുപം ആവശ്യപ്പെട്ടു.

സമരം മൂന്നാം ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല. തന്റെ ആരോഗ്യ നില ഭദ്രമാണെന്നും തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും ജീവന്‍ പോയാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഒഴികെ മഹാരാഷ്ടയിലെ മറ്റ് ഇടങ്ങളില്‍ കഴിഞ്ഞ ആഴ്ച വൈദ്യുത നിരക്ക് 20 ശതമാനം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമാനിച്ചിരുന്നു.

റിലയന്‍സ്, ടാറ്റാ ബെസ്‌റ്, മഹാവിതരണ്‍ കമ്പനികളാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുന്നത്.

Advertisement