Categories

ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം, കെജ്‌രിവാള്‍ മാപ്പ് പറഞ്ഞു

aravind-kejrival

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന പൊതുസമ്മേളനത്തിനിടയിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

എം.ടി.വിയില്‍ അവതാരകന്‍ കൂടിയായ രാജീവ് ലക്ഷ്മണാണ് വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഷാസിയ ഇല്‍മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വോളന്റിയറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇയാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമല്ല.

വിദേശ ഇന്ത്യക്കാരില്‍ നിന്നും പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മന്ത്രി ഷിന്‍ഡെ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് രാജീവ് ലക്ഷ്മണ്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഷിന്‍ഡെ പറഞ്ഞിരുന്നു.

‘അംഗങ്ങളും അനുയായികളും അപകീര്‍ത്തികരമായ ഭാഷ ഉപയോഗിക്കുന്നതിന്  പാര്‍ട്ടി എതിരാണ്. ഞങ്ങള്‍ സത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. അതിനുളള പരിശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ഞങ്ങള്‍ ഉറപ്പ് വരുത്തും.’ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘തന്റെ പ്രസംഗത്തില്‍ വന്ന പിഴവുകള്‍ രാജീവ് ലക്ഷ്മണ്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രസംഗത്തില്‍ വന്ന പിഴവുകള്‍ തന്റെ മാത്രം തെറ്റാണെന്നും ആം ആദ്മി പാര്‍ട്ടിയ്ക്ക് ഇതില്‍ പങ്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Tagged with: