ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആമിര്‍ഖാന്‍. ഇതുമൂലമുണ്ടാകുന്ന ഏത് പ്രത്യാഘാതവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആമിര്‍ അവതരിപ്പിക്കുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ സത്യമേവജയതേയില്‍ രാജസ്ഥാനിലെ പെണ്‍ഭ്രൂണഹത്യയെ പറ്റിയുള്ള പരാമര്‍ശമായിരുന്നു വിവാദത്തിന് കാരണം. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) രംഗത്ത് വരികയായിരുന്നു.

ഐഎംഎയോട് ആമിര്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയപരമായി മുന്നോട്ട് പോകുമെന്നായിരുന്നു അവരുടെ വാദം. ആമിര്‍ പറഞ്ഞത് കഥയുടെ ഒരു വശം മാത്രമാണെന്നും അതിനാല്‍ തന്നെ മാപ്പ് പറയണമെന്നും ഐ.എം.എ സെക്രട്ടറി ജനറല്‍ ഡോ. ഡി. ആര്‍. റായ് പറഞ്ഞു.

എന്നാല്‍ മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്നാണ് ആമിര്‍ ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ അറിയിച്ചത്. തന്റെ പരിപാടി രാജ്യത്തെ സാമൂഹ്യ അനീതിക്കെതിരായിട്ടാണെന്നും അല്ലാതെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷനുമെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷോ യെ കുറിച്ച് രണ്ട് തരത്തിലുള്ള പ്രതികരണമാണ് എനിക്ക് ലഭിച്ചത്. ചിലര്‍ ഐ എം എ യുടേതു പോലെ പ്രതികരിച്ചു മറ്റുചിലര്‍ പരിപാടിക്ക് അനുകൂലമായും പ്രതികരിച്ചു. ആമിര്‍ പറഞ്ഞു.

പല ഡോക്ടര്‍മാരും പരിപാടിക്ക് ശേഷം തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും മെഡിക്കല്‍ രംഗത്തെ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും വെളിപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.