എഡിറ്റര്‍
എഡിറ്റര്‍
മാനംകാക്കല്‍ കൊലയെ വിമര്‍ശിച്ച് അമീറിന്റെ സത്യമേവ ജയതേ
എഡിറ്റര്‍
Monday 4th June 2012 2:13pm

ന്യൂദല്‍ഹി: 18 വയസ് കഴിഞ്ഞാല്‍ വോട്ടുചെയ്യാന്‍ അവകാശം ലഭിക്കുകയും അതുവഴി പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാനും കഴിയുന്ന നമുക്ക് സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ? ബോളിവുഡ് താരം അമീര്‍ ഖാന്‍ ചോദിക്കുന്നു. ഈ ചോദ്യത്തിലൂടെ മാനംകാക്കല്‍ കൊലയെന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ക്രൂരതയെ അമീര്‍ ഖാന്‍ പരിശോധിക്കുകയാണ്  ജൂണ്‍ 3ലെ സത്യമേവ ജയതേയില്‍.

രക്ഷിതാക്കളെ എതിര്‍ത്ത് വിവാഹിതരായ ദമ്പതികളും, മാനംകാക്കല്‍ കൊലയുടെ പേരില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും, പ്രണയവിവാഹിതരെ സഹായിക്കുന്നയാളുകളുമൊക്കെയായിരുന്നു അതിഥികള്‍.

മിക്ക കുടുംബങ്ങളിലും താന്‍ പ്രണയത്തിലാണെന്ന കാര്യം രക്ഷിതാക്കളോട് തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് ഭയമാണ്. ചില ബന്ധങ്ങള്‍ വിവാഹത്തിന് മുമ്പോ ശേഷമോ അംഗീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നു. എന്നാല്‍ കുറേപ്പേര്‍ ഒളിച്ചോടി മറ്റൊരു നാട്ടില്‍ ചെന്ന് അവിടെ ജീവിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ മാനംകാക്കാനെന്ന പേരില്‍ നടക്കുന്ന കൊലപാതകത്തിന് ഇരായാവുന്ന ചിലരുമുണ്ട്

മാനംകാക്കല്‍ കൊലകള്‍ മാധ്യമങ്ങളിലൂടെ സ്ഥിരം നമ്മള്‍ വായിച്ചറിയുന്നതാണ്. ജീവിത പങ്കാളിയെ സ്വയം കണ്ടെത്തിയെന്ന ഒറ്റക്കാരണത്തിന് എങ്ങിനെയാണ് ഒരു രക്ഷിതാവിന് സ്വന്തം മകളെയോ മകനെയോ കൊല്ലാനാവുക. അമീര്‍ ചോദിക്കുന്നു.

ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ലോകേന്ദ്ര, ഫെഹ്മിദ ദമ്പതികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഫെഹ്മിദയുടെ കുടുംബക്കാരെ ഭയന്ന് ജീവിക്കുകയാണ്. കോടതി ഉത്തരവുണ്ടായിട്ടും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പോലീസ് ഉദ്യോഗസ്ഥര്‍ അവരെ സഹായിച്ചില്ല.

കൊല്‍ക്കത്ത സ്വദേശിയായ 27 കാരന്‍ റിസ്വാന്‍ റഹ്മാന് ഹിന്ദുയുവതിയായ പ്രിയങ്കയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ ബലികൊടുക്കേണഅടി വന്നു. സമീപത്തുള്ള ഒരു റെയില്‍വേ ട്രാക്കിലാണ് റിസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് പറയുന്നത് ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ്. എന്നാല്‍ ബന്ധുക്കള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. റിസ്വാന്റെ ഭാര്യ പ്രിയങ്ക എവിടെയാണുള്ളതെന്നുപോലും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കറിയില്ല.

ഹരിയാനയിലുള്ള മനോജും ബബ്ലിയും ഒരേ ഗോത്രത്തില്‍പ്പെട്ടവരാണ്. ഇരുവരും വിവാഹം കഴിച്ചതിന് അവരെ ക്രൂരമായി കൊല്ലുകയാണുണ്ടായത്.

ഖാപ്പ് പഞ്ചായത്തിലെ മെമ്പര്‍മാരുമായുള്ള അമീറിന്റെ ചര്‍ച്ചയായിരുന്നു ഷോയുടെ പ്രധാനഭാഗം. മത ജാതി അടിസ്ഥാനത്തിലുള്ള ഒരു കൗണ്‍സിലാണ് ഖാപ്പ് പഞ്ചായത്ത്. ഖാപ്പ് പഞ്ചായത്തിന് ജുഡീഷ്യല്‍ അധികാരമോ പോലീസ് സേനയോ ഇല്ല. തങ്ങളുടെ ഉത്തരവോടെ ഒരു ദമ്പതികളെയും കൊന്നിട്ടില്ലെന്ന് മെമ്പര്‍മാര്‍ പറഞ്ഞെങ്കിലും മിശ്രവിവാഹത്തോടുള്ള അവരുടെ കാഴ്ചപ്പാട് ഞെട്ടലുണ്ടാക്കുന്നതാണ്. മനോജിന്റെ ബബ്ലിയുടെയും വിവാഹം ധാര്‍മ്മികമായി ശരിയല്ലെന്നായിരുന്നു അവരുടെ അഭിപ്രായം.

Advertisement