കൊച്ചി: പുതുവൈപ്പില്‍ സ്ഥാപിക്കാന്‍ നിധേഷിക്കപ്പെട്ട IOC യുടെ LNG ടെര്‍മിനല്‍ പദ്ധതിക്ക് എതിരെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ 300 ഓളം പേരെ പോലീസ് ക്രൂരമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ച പ്രവര്‍ത്തനമല്ലെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം.

സമരം ചെയ്യുന്നവരോട് ഇത്തരത്തില്‍ പോലീസ് ഭീകരത പ്രയോഗിക്കുന്ന ഇടത് പക്ഷ സര്‍ക്കാര്‍ സ്വന്തം നിലപാട് പുനപരിശോധിക്കണം. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കൊണ്ടും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണി വളര്‍ത്തികൊണ്ടും ഒരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നീതി നിഷേധമാണ്.

വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ ഭരണകൂട ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

നന്ദിഗ്രാമിലും മറ്റും നടത്തിയ ഇടപെടലുകള്‍ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകാന്‍ വഴി വെച്ചു എന്ന സത്യം മുഖ്യമന്ത്രി ഓര്‍ക്കണം. സ്വന്തം ജീവനും ആവാസ വ്യവസ്ഥയും സംരക്ഷിക്കാന്‍ മാസങ്ങളായി തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതുവൈപ്പ് നിവാസികള്‍ക്ക് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നെന്നും ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു.