എഡിറ്റര്‍
എഡിറ്റര്‍
ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്കെതിരെ മത്സരിക്കാന്‍ ആം ആദ്മി
എഡിറ്റര്‍
Tuesday 28th January 2014 9:04pm

arvind-kejrival1

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട നേതാക്കള്‍ക്കെതിരെ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

73 സ്ഥാനാര്‍ത്ഥികളെ ഇത്തരത്തില്‍ മത്സരിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതിയില്‍ ഉള്‍പ്പെട്ട നിരവധി മന്ത്രിമാര്‍ ഇവിടെയുണ്ടെന്നും അവരെല്ലാം അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടതുമുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

162ഓളം ലോക്‌സഭാ അംഗങ്ങള്‍ ക്രമിനല്‍ കുറ്റം ചാര്‍ത്തപ്പെട്ടവരാണ്. അതില്‍ തന്നെ 73 പേരുടെ മേലുള്ള കുറ്റങ്ങള്‍ ഗുരുതരവുമാണ്.

അവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കരുത്. അവര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ മത്സരിപ്പിക്കും.

2009ലെ തിരഞ്ഞെടുപ്പില്‍ ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പല നേതാക്കളേയും വമ്പിച്ച ഭൂരിപക്ഷത്തിലാണ് ജനം ജയിപ്പിച്ചത്.

തങ്ങള്‍ക്ക് മറ്റു വഴികളില്ലെന്നായിരുന്നു ജനം അതിന് പറഞ്ഞിരുന്ന ന്യായം. എന്നാലിപ്പോള്‍ അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയവുമായി തങ്ങളുണ്ട്  ഇവിടെ.

ആരെ ജയിപ്പിക്കണമെന്ന് ജനം തീരുമാനിക്കട്ടെ- കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ ഏതൊക്കെ നേതാക്കള്‍ക്കെതിരെ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement