എഡിറ്റര്‍
എഡിറ്റര്‍
വിശ്വാസ വോട്ടുകള്‍ നേടി ദല്‍ഹിയില്‍ ആം ആദ്മി
എഡിറ്റര്‍
Thursday 2nd January 2014 6:54pm

aam-admi-3

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടിക്ക് വിശ്വാസ വോട്ടില്‍ ഭൂരിപക്ഷം.

കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി നിയമ സഭയില്‍ വിശ്വാസ വോട്ട് നേടിയതോടെ ഭരണം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

70 അംഗ സഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 36 പേരുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍ 32നെതിരെ 37 പേരുടെ പിന്തുണ നേടിയാണ് ആം ആദ്മി വിശ്വാസ വോട്ടെടുപ്പില്‍ വിജയം കണ്ടത്.

കോണ്‍ഗ്രസ് ആം ആദ്മിയെ സഭയിലും പിന്തുണച്ചു. ആകെ 37 പേരാണ് ആം ആദ്മിയെ സഭയില്‍ പിന്തുണച്ചത്. ഇതില്‍ കോണ്‍ഗ്രസിനൊപ്പം ഒരു ജെ.ഡി.യു സ്വതന്ത്രനും ആം ആദ്മിയെ പിന്തുണച്ചു.

പിന്തുണച്ചവരില്‍ 28 പേര്‍ ആം ആദ്മിയും 8 പേര്‍ കോണ്‍ഗ്രസും ഒരാള്‍ ജെ.ഡി.യു സ്വതന്ത്രനുമാണ്.

വൈകുന്നേരം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ആം ആദ്മിയെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേ സമയം വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലും ബി.ജെ.പി ആം ആദ്മിയെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പിന്തുണ തേടില്ലെന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് കോണ്‍ഗ്രസ് പിന്തുണ തേടിയത് അപഹാസ്യമാണെന്നും ബി.ജെ.പി പറഞ്ഞു.

അധികാരത്തില്‍ വന്ന് ആഴ്ചകള്‍ മാത്രം കഴിയവേ ജനങ്ങള്‍ക്ക് നല്‍കിയ രണ്ട് പ്രധാന വാഗ്ദാനങ്ങളും നിറവേറ്റാന്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനു കഴിഞ്ഞിരുന്നു.

ഓരോ കുടുംബത്തിനും 700 ലിറ്റര്‍ സൗജന്യ കുടിവെള്ളവും വൈദ്യുതി ചാര്‍ജ് ഇളവുമാണ് കെജ് രിവാള്‍ സര്‍ക്കാര്‍ നിറവേറ്റിയ രണ്ട് വാഗ്ദാനങ്ങള്‍.

ഇതിനിടയില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. മനീന്ദര്‍ സിങ്ധീര്‍ ആണ് ആം ആദ്മിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

ജഗ്ദീഷ് മുഖിയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.

Advertisement