എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് കോഴ: ആം ആദ്മി പാര്‍ട്ടി രണ്ട് നേതാക്കളെ പുറത്താക്കി
എഡിറ്റര്‍
Friday 21st March 2014 9:52pm

aam-aadmi

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് കോഴ ആവശ്യപ്പെട്ട ഉത്തര്‍പ്രദേശിലെ രണ്ട് നേതാക്കളെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അരുണ സിങ്, അശോക് കുമാര്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന്  പുറത്താക്കിയത്.

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നേതാക്കള്‍ക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തെളിവ് ഹാജരാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച തെളിവുകള്‍ പാര്‍ട്ടി നേതൃത്വം വിശദമായി പരിശോധിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും കെജ്‌രിവാള്‍ അറിയിച്ചു.

കോഴ നല്‍കി സ്ഥാനാര്‍ത്ഥിയാകാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും ഏതെങ്കിലും നേതാക്കള്‍ പണം ചോദിച്ചാല്‍ തെളിവ് സഹിതം പരാതി നല്‍കണമെന്നും അദ്ദേഹം പാര്‍ട്ടി അനുഭാവികളോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അനുഭാവികള്‍ക്കും ഭാരവാഹികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് ഇക്കാര്യത്തില്‍ ഉടന്‍തന്നെ നടപടി സ്വീകരിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇതിനിടെ ആം ആദ്മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ആം ആദ്മി പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതെന്നും, പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും അവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതി ഉത്തരവ്.

കേരളത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി അംഗം അശ്വതി നായര്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. ആലപ്പുഴ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥിത്വം രാജിവെച്ച അശ്വതി ആം ആദ്മിയുടെ സംസ്ഥാന ഘടകത്തില്‍ അഴിമതി ശക്തമാണെന്നും ആരോപിച്ചിരുന്നു.

Advertisement