എഡിറ്റര്‍
എഡിറ്റര്‍
സുധാകരന്റെ പരമാര്‍ശങ്ങള്‍ക്കെതിരെ ഹൈക്കമാന്റ്
എഡിറ്റര്‍
Tuesday 19th February 2013 12:00am

ന്യൂദല്‍ഹി: സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് കെ. സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റ്. പെണ്‍കുട്ടിക്കെതിരെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണ്. സുധാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്നും കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞു.

Ads By Google

സുധാകരന്റെ പരാമര്‍ശം ഖേദകരമാണ്. സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ടെന്നും രേണുക ചൗധരി വ്യക്തമാക്കി. പെണ്‍കുട്ടി നാടുനീളെ നടന്ന് വേശ്യാവൃത്തി നടത്തി പണം വാങ്ങി പീഡിപ്പിച്ചെന്ന് വിളിച്ച് പറയുകയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

വാണിജ്യനികുതിവകുപ്പില്‍ ക്രമക്കേട് നടത്തി സര്‍ക്കാറിന് സാമ്പത്തികനഷ്ടമുണ്ടാക്കിയ പെണ്‍കുട്ടിയാണ് പി.ജെ. കുര്യനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ജസ്റ്റിസ് ബസന്ത് പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത് വസ്തുതാപരമാണെന്നും കുര്യനെതിരെ വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. മസ്‌കറ്റില്‍ വെച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം.

വയസ്സ് പതിനാറാണെങ്കിലും സമ്മതത്തോടെ പുരുഷനോടൊപ്പം പോയാല്‍ ബലാത്സംഗമല്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയിലെ വനിതാ അംഗങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നേതൃത്വത്തിന് സുധാകരനെതിരെ പരാതിയും നല്‍കി.

പരാമര്‍ശം തിരുത്തണമെന്ന ആവശ്യം തിരുത്തണമെന്ന വനിത നേതാക്കളുടെ ആവശ്യത്തോട് താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

Advertisement