എഡിറ്റര്‍
എഡിറ്റര്‍
ആറളം ഫാമില്‍ മുസ്‌ലീം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെതിരെ ആദിവാസി സംഘടനകള്‍
എഡിറ്റര്‍
Tuesday 1st May 2012 12:08am

തേഞ്ഞിപ്പാലം:  ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ മുസ്‌ലീം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെതിരെ ആദിവാസി ഗോത്ര മഹാസഭയും ഭൂപരിഷ്‌കരണസഭയും രംഗത്ത്. ആറളം ഫാമില്‍ മുസ്‌ലീം കുടുംബങ്ങളെ താമസിപ്പിക്കാന്‍ അനുവദിച്ചാല്‍ ആദിവാസി കുടുംബങ്ങളുടെ സൈ്വരജീവിതം തകര്‍ക്കപ്പെടുമെന്നാണ് സംഘടനകളുടെ നേതാക്കളായ സി.കെ ജാനു, എം.ഗീതാനന്ദന്‍ എന്നിവരുടെ വാദം.

മുസ്‌ലീം കുടുംബങ്ങളെ പുനരധിവാസ മേഖലയില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം മുപ്പതിന് ആറളം ഫാം കമ്പനി ഓഫീസിലേക്ക് ആദിവാസി മാര്‍ച്ചും ധര്‍ണയും നടത്തും. ഫാമില്‍ പുനരധിവാസം ആവശ്യപ്പെടുന്ന മുസ് ലീം കുടുംബങ്ങളുടെ പ്രശ്‌നത്തില്‍ 1987ല്‍ ആര്‍.ഡി.ഒ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുസ്‌ലീം കുടുംബങ്ങള്‍ക്ക് റവന്യൂഭൂമി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആറളം ഫാം ഭൂമി ഏറ്റെടുത്തപ്പോഴാണ് പുതിയ  അവകാശവാദവുമായി മുസ്‌ലീം കുടുംബങ്ങള്‍ എത്തിയതെന്ന് ആദിവാസി നേതാക്കള്‍ പറയുന്നു.

അന്നത്തെ ആര്‍.ഡി.ഒവിന്റെ റിപ്പോര്‍ട്ട് പുനപരിശോധിക്കേണ്ട യാതൊരു സാഹചര്യവും ഇന്നില്ല. ആറളം ഫാം ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ളതാണ്. രാഷ്ട്രീയ പിന്‍ബലത്തോടെയാണ് ഇപ്പോള്‍ മുസ്‌ലീം കുടുംബങ്ങള്‍ക്ക് ഫാമിലെ ഭൂമി നല്‍കിയാല്‍ വ്യാപകമായ കൊള്ളയാണ് നടക്കുകയെന്നും നേതാക്കള്‍ ആരോപിച്ചു. മാത്രമല്ല, ഭൂമി അന്യാധീനപ്പെടുകയും ചെയ്യും. ആദിവാസികളുടെ സംസ്‌കാരത്തിനും ഇത് ഭീഷണിയാകും. അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും.

ഇപ്പോള്‍ തന്നെ ഭൂമി കൈയേറിയ മുസ് ലീം കുടുംബങ്ങള്‍ ആദിവാസികളുടെ സൈ്വരജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ആറളം ഫാമിംഗ് കോര്‍പറേഷന്‍ കമ്പനിയുടെ പ്രൈവറ്റ് ലിമിറ്റഡ് പദവി റദ്ദാക്കി പൊതുമേഖലയാക്കണമെന്നാവശ്യപ്പെട്ട്  ഈ മാസം 23ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും. ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരാള്‍ മന്ത്രിയായാല്‍ ആദിവാസികളുടെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നിരാശയാണ് ഫലമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ സംഘടനാ നേതാക്കളായ സുരേഷ് മുട്ടുമാറ്റി, സോമന്‍ കാളികയം എന്നിവരും പങ്കെടുത്തു.

Malayalam News

Kerala News in English

Advertisement