എഡിറ്റര്‍
എഡിറ്റര്‍
ആനൂകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല: പി.കെ കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Thursday 23rd January 2014 12:53pm

kunjalikkutty-2

തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

സുപ്രീം കോടതി കേസ് പരിഗണിക്കും. അതിന് മുന്‍പ് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയില്‍ അറിയിക്കും.

ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനനെടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നതെന്നും നിയമ സഭ ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.

ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന ഇടക്കാല ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിന് മറുപടിയായി കേന്ദ്ര നിലപാടിനെ അനുകൂലിച്ച് കേരളം സത്യവാങ്മൂലം തയ്യാറാക്കി. സബ്‌സിഡി നേരിട്ട് ജനങ്ങളിലെത്തിക്കാനും ഇടനിലക്കാരനെ ഒഴിവാക്കാനും ആധാര്‍ നല്ലതാണെന്ന് കേരളം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എന്നാല്‍ പാചക വാതക സബ്‌സിഡിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുള്ള എതിര്‍പ്പുകളെപ്പറ്റി സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.

തന്റെ വകുപ്പ് അറിയാതെ ആധാറിനെ  അനുകൂലിച്ച് സത്യവാങ്മൂലം നല്‍കുന്നതിനെതിരെ ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിരുന്നു.

മന്തിസഭയില്‍ തന്നെ ഭിന്നത ഉടലെടുത്ത സാഹചര്യത്തില്‍ വിഷയം പരിശോധിക്കാന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഉദ്ദ്യോഗസ്ഥരാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നായിരുന്നു വിശദീകരണം.

ഇതിനെത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ ആധാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Advertisement