കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡിന് വേണ്ടി നല്‍കിയ രണ്ടായിരത്തോളം അപേക്ഷകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍.

Ads By Google

സ്‌കൂള്‍ കുട്ടികളുടേതടക്കം രണ്ടായിരത്തിലധികം അപേക്ഷകളാണ് കാസര്‍കോട് മേല്‍പ്പറമ്പിലെ വഴിയരികില്‍ ഉപേക്ഷിച്ചിരിക്കുന്നത്.

ആര്‍ക്കും വേണ്ടാതെ രണ്ടു ദിവസമായി തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് അടക്കമുള്ള അപേക്ഷകള്‍ കിടക്കുന്നത്. എന്നാല്‍ അപേക്ഷകള്‍ തേടി ദിവസം രണ്ടു കഴിഞ്ഞിട്ടും ആരുമെത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ചെമ്മനാട്, കീഴൂര്‍, മധൂര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ കാര്‍ഡിന് വേണ്ടി നല്‍കിയ അപേക്ഷകളാണ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

സബ്‌സിഡികള്‍ അടക്കമുളള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇനി ആധാര്‍ കാര്‍ഡ് വഴി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്ത് വ്യാപകമായി ജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി അപേക്ഷകള്‍ നല്‍കിയത്.

മേല്‍പ്പറമ്പ് നായാബസാറില്‍ സഞ്ചിയില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.