മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി കേസില്‍ സി.ബി.ഐയ്ക്ക് മുംബൈ ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ സി.ബി.ഐയ്ക്ക് അന്വേഷണ ചുമതല നല്‍കിയതിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഗവണ്‍മെന്റ് സത്യവാങ്മൂലം നല്‍കി. ആദര്‍ശ് കേസില്‍ കേന്ദ്രഗവണ്‍മെന്റിന് ഇടപെടാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയത്. ആദര്‍ശ് കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സംസ്ഥാനത്തിന്റെ പരിധിയിലാണ് വരുന്നതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ ബന്ധുക്കള്‍ക്ക് നല്‍കി എന്ന ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഫ്‌ളാറ്റ് വിവാദമാണ് അശോക് ചവാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയാക്കിയത്. കൂടാതെ തീരദേശ സംരക്ഷണ നിയമത്തിന് എതിരായാണ് ഈ ഫഌറ്റ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.