മുംബൈ:  ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം സംബന്ധിച്ച് സി.ബി.ഐ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ആകെയുള്ള 103 ഫ്ളാറ്റുകളില്‍ മുപ്പതെണ്ണം ബിനാമികളുടേതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ചില ഫ്ളാറ്റുകള്‍ വാങ്ങിയവരുടെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലതിന്റെ ഉടമകള്‍ ആദര്‍ശ് കോ ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയംഗങ്ങളാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേനയുടെ കൈവശമുണ്ടായിരുന്ന മുംബൈയിലെ ഭൂമിയില്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച 31‌നിലയുള്ള ഫ്ളാറ്റുകള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കാനാണ് സി.ബി.ഐക്ക് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചട്ടങ്ങള്‍ ലംഘിച്ച് ഫ് ളാറ്റ് നിര്‍മിക്കുന്നതിനു കൂട്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടേയും ഭൂമിയുടെ ചുമതലയുള്ള എസ്‌റ്റേറ്റ് ഓഫീസര്‍മാരുടേയും പങ്ക് അന്വേഷിക്കണമെന്ന് പ്രതിരോധമന്ത്രി ആന്റണി ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്റെ ഭാര്യമാതാവിനടക്കം മൂന്നു ബന്ധുക്കള്‍ക്കാണ് ആദര്‍ശ് സൊസൈറ്റിയില്‍ ഫഌറ്റ് ലഭിച്ചത്. മുന്‍ കരസേനാ മേധാവികളായ ജനറല്‍ ദീപക് കപൂര്‍, ജനറല്‍ എന്‍. സി. വിജ്, മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ മാധവേന്ദ്ര സിങ് എന്നിവര്‍ക്കും ഇവിടെ ഫഌറ്റുകള്‍ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമെ, സൈന്യത്തിലെയും പ്രതിരോധഭൂമി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെയുമായി 40ഓളം ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ വീടുകളുണ്ട്.