മലപ്പുറം: മഞ്ഞളാംകുഴി അലിക്ക് കച്ചവടത്തിന്റെ ഭാഷയേ അറിയൂവെന്ന് സി.പി.ഐ.എം നേതാവ് എ.വിജയരാഘവന്‍. കച്ചവട താല്‍പര്യപ്രകാരം ലാഭത്തിന്റെ കണക്കുകൂട്ടുന്നതു പോലെയാണ് അലി കണക്കുകൂട്ടിയിട്ടുള്ളത്. അലിയെന്നാല്‍ ഒരു വ്യക്തിയാണെന്നും സി.പി.ഐ.എം എന്നാല്‍ ഒരു പ്രസ്ഥാനമാണെന്നും അലി മനസ്സിലാക്കണം. ഉറ്റസുഹൃത്തായ അലിക്കെതിരെ ഇങ്ങിനെ പറഞ്ഞത് ബാധ്യതയുള്ളത് കൊണ്ടാണെന്നും;പറഞ്ഞതല്ല, അലി പറയിപ്പിച്ചതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം അലി ദുരുപയോഗം ചെയ്തു. മഞ്ഞളാംകുഴി അലിക്ക് അത്യാഗ്രമാണ്. അലിയുടെ അത്യാഗ്രഹം സി.പി.ഐ.എമ്മില്‍ വിലപോവില്ല. അയിശ ടെക്‌സ്റ്റൈല്‍സില്‍ നിന്ന് അമ്പത് ശതമാനം വിലക്കുറവില്‍ കാലിയാക്കുന്ന തുണിത്തരമല്ല സി.പി.ഐ.എം.

സി.പി.ഐഎമ്മിന്റെ മെംബര്‍ പോലുമല്ലാത്ത അലിക്ക് ഏതടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനം നല്‍കുക. ഇത് കിങ് സിനിമയുടെ തിരക്കഥയല്ലെന്നു അലി ഓര്‍ക്കണം. ഏതോ വഴിയിലൂടെ നടന്നുപോവുന്ന ആളെ പിടിച്ച് ഒരു സുപ്രഭാതത്തില്‍ എം.എല്‍.എയാക്കുകയും രണ്ടാം തവണ മന്ത്രിയാവണമെന്നും ആഗ്രഹിച്ചാല്‍ അത് സി.പി.എമ്മില്‍ നടപ്പാവില്ല.അച്ഛനെ രാവിലെ ഉണര്‍ത്തി അച്ഛാ എനിക്ക് ഇന്ന് മന്ത്രിയാവണമെന്ന് പറയുന്ന അതേ കുട്ടിയുടെ മനസ്സാണ് മഞ്ഞളാംകുഴി അലിയുടേത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവപ്പെട്ടവനും കര്‍ഷക തൊഴിലാളിയും തന്റെ വിയര്‍പ്പും കണ്ണീരുമൊഴിച്ച് വളര്‍ത്തിയെടുത്തതാണ്. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയാണ് അലിക്കു മനസ്സിലാവുകയുള്ളൂ. പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന്റെയോ പാവപ്പെട്ട പാര്‍ട്ടി സഖാക്കളുടെയോ ഭാഷയും മനസ്സും അത്യാഗ്രഹിയായ മഞ്ഞളാംകുഴി അലിക്ക് ഇപ്പോള്‍ മനസ്സിലാവില്ല.

പാലോളിയെയും മഞ്ഞളാംകുഴി അലിയെയും ഒരു തുലാസില്‍ തൂക്കിയാല്‍ ഏത് ഭാഗമാണ് കൂടുതല്‍ കനം തൂങ്ങുകയെന്നത് മങ്കടയിലെ ജനങ്ങള്‍ മനസ്സിലാക്കട്ടെ. ഇരുമ്പ് കാലിനു നേരെയാണ് അലിയുടെ ചിതലരിക്കുന്നത്.

എം.എല്‍.എ ആയിരിക്കെതന്നെ നാലരവര്‍ഷം സി.പി.ഐ.എമ്മിനോട് ശത്രുതാപരമായാണ് അലി പെരുമാറിയതെന്നും വിജയരാഘവന്‍ പറഞ്ഞു.പാര്‍ട്ടി അത് മനസ്സിലാക്കിതന്നെയാണ് ഇത്രയും കാലം പിടിച്ചുനിന്നത്. പാര്‍ട്ടിയുടെ അണികളെ പ്രയാസപ്പെടുത്തേണ്ട എന്ന് കരുതിയിട്ടാണ് ഇത്രയുംകാലം സഹകരിച്ച് പോയത്.

മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ വിശദീകരണ യോഗത്തിനു മറുപടിയായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം അലി പൊതു യോഗം നടത്തിയ പനങ്ങാങ്ങരയില്‍ അദ്ദേഹത്തിന്റെ വീടിനരികയാണ് സി.പി.ഐ.എമ്മും പൊതു യോഗം വെച്ചത്.