എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ കത്തോലിക്കാ വിശ്വാസിയോ ഐറിഷോ അല്ല, എന്നെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കൂ’
എഡിറ്റര്‍
Sunday 18th November 2012 10:22am

തന്റെ ഭാര്യക്കുണ്ടായത് ഇനി ഒരാള്‍ക്കുമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നാണ് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ പറയുന്നത്

 


വീഡിയോ സ്‌റ്റോറി/നസീബ ഹംസ


അയര്‍ലന്റില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരിച്ച സംഭവമാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഗര്‍ഭിണിയായ സവിത ഹാലപ്പനവര്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന ‘സെപ്റ്റസിമ്യ’ എന്ന അസുഖം മൂലമാണ് മരിക്കുന്നത്.

Ads By Google

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുന്ന അവസ്ഥയാണ് ‘സെപ്റ്റസിമ്യ’. കര്‍ണാടകയിലെ ബല്‍ഗാം സ്വദേശിയായ സവിത അയര്‍ലന്റില്‍ ഡോക്ടറായി ജോലി ചെയ്തുവരികയാണ്.

പതിനേഴായ്ച്ച ഗര്‍ഭിണിയായ സവിത അസുഖം കൂടുതലായതിനെ തുടര്‍ന്ന് ഗര്‍ഭഛിത്രത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്തോലിക്ക രാഷ്ട്രമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സവിത മരണപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 21ന് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിതയെ കടുത്ത ശാരീരികാസ്വാസ്ഥ്യത്തെയും നടുവേദനയെയും തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ഒക്ടോര്‍ബര്‍ 25 ഓടു കൂടി കടുത്ത വേദനയും ഛര്‍ദിയും തുടങ്ങിയിട്ടും ഗര്‍ഭം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സെപ്റ്റിസിമ്യ ശരീരം മുഴുവന്‍ വ്യാപിക്കുകയും ഓരോ അവയവത്തിന്റെയും പ്രവര്‍ത്തനം ഘട്ടം ഘട്ടമായി നിലക്കുകയും ചെയ്തു.

കഴിഞ്ഞ 28ാം തീയ്യതിയോടെ ഗര്‍ഭം അലസിപ്പോയെങ്കിലും സവിതയെ രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്നര ദിവസത്തെ നരകയാതനയ്ക്ക് ശേഷമാണ് സവിത മരണപ്പെടുന്നത്. രോഗത്തില്‍ വലയുമ്പോള്‍ ഗര്‍ഭഛിത്രം നടത്തിത്തരണമെന്ന് കേണപേക്ഷിച്ചെങ്കിലും കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ നേരത്തേ നഷ്ടപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ കുഞ്ഞിന് ശ്വാസമിടിപ്പുണ്ടെന്ന വാദത്തിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴുണ്ടായ സെപ്റ്റിസിമ്യ ശരീരത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

കടുത്ത വേദനയെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി യാചിച്ച യുവതി ‘ഞാന്‍ കത്തോലിക്ക വിശ്വാസിയോ ഐറിഷോ അല്ല’ എന്ന് മരണത്തിന് മുമ്പ് പറഞ്ഞപ്പോഴും ഇത് കത്തോലിക്ക രാജ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.

സവിതയ്ക്ക് ഡോക്ടര്‍മാര്‍ മാനുഷികപരിഗണന പോലും നിഷേധിച്ചുവെന്ന് ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ പറയുന്നത്. രക്ഷിക്കാന്‍ സാധിക്കുമായിരുന്നിട്ടും അവര്‍ എന്റെ മകളെ കൊല്ലുകയായിരുന്നുവെന്ന് സവിതയുടെ മാതാവ് എ.മഹാദേവിയും വിലപിക്കുന്നു.

കത്തോലിക്ക രാജ്യമായതിനാലാണ് അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമംമൂലം നിരോധിക്കുന്നത്. കത്തോലിക്ക ആചാരപ്രകാരം ഗര്‍ഭഛിത്രം പാടില്ലെന്ന കാരണത്താലാണ് ഇത് നിയമം മൂലം നിരോധിച്ചിരിക്കുന്നത്.

എന്നാല്‍ 1992ല്‍ ഐറിഷ് സുപ്രീം കോടതി ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാണെങ്കില്‍ ഗര്‍ഭഛിദ്രമാകാം എന്ന് പറയുന്നുണ്ട്. പക്ഷേ അതിന് ശേഷം വന്ന അഞ്ച് സര്‍ക്കാരുകളും ഇത് നിയമമാക്കുന്നത് നിരസിക്കുകയായിരുന്നു.

ഒരു വര്‍ഷം ഏകദേശം 4000 ഓളം ഗര്‍ഭഛിദ്രങ്ങളാണ്  അയര്‍ലന്റില്‍  നടക്കുന്നത്. ഗര്‍ഭഛിദ്രം നടത്തുന്നതിന് വേണ്ടി തൊട്ടടുത്ത രാഷ്ട്രമായ ഇംഗ്ലണ്ടിലേക്കാണ് ഐറിഷ് വനിതകള്‍ പോകാറുള്ളത്.

സവിതയുടെ മരണം യൂറോപ്പില്‍ പുതിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭസ്ഥശിശു രക്ഷപ്പെടാന്‍ സാധ്യതയില്ലാതിരിന്നിട്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന മതഭരണകൂടത്തിനെതിരെ ഐറിഷ് ജനത കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പോലും ക്രൂരമായ രീതിയില്‍ പ്രതികരിക്കുന്ന നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സവിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് അയര്‍ലന്റ് പാര്‍ലമെന്റിന് മുന്നില്‍ നടന്ന റാലിയില്‍ വന്‍ജനാവലിയാണ് പങ്കെടുത്തത്.

മനുഷ്യ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഇത്തരം കാടന്‍ നിയമങ്ങള്‍ എടുത്തുകളയണമെന്ന ശക്തമായ ആവശ്യത്തിലാണ് ഐറിഷ്  ജനത. തന്റെ ഭാര്യക്കുണ്ടായത് ഇനി ഒരാള്‍ക്കുമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നാണ് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ പറയുന്നത്.

സ്ത്രീകളുടെ ജീവനും അവകാശത്തിനും മേല്‍ മതം എത്രമേല്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നു എന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മയാവുകായാണ് സവിത.

സവിതയുടെ മരണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അയര്‍ലന്റിനെ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ചിട്ടുണ്ട്. അയര്‍ലന്റില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ഗവണ്‍മെന്റും നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലേചിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അക്ബറുദ്ദീന്‍ അറിയിച്ചിരിക്കുകയാണ്

വാല്‍ക്കഷ്ണം: ദേശീയ മാധ്യമ ദിനമായ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു മനുഷ്യ ജീവന് മേല്‍ മതത്തിന്റെ ആധിപത്യം വെളിവാക്കുന്ന ഈ വാര്‍ത്ത. എന്നാല്‍ നമ്മുടെ കേരളത്തിലെ മാധ്യമങ്ങളില്‍ ഇത് ഉള്‍പ്പേജിലേക്കോ മാറ്റുകയോ അതല്ലെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്ത നടന്നതായി പോലുമോ പറയുന്നില്ല.

മാധ്യമദിനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തേയും മാധ്യമദിനത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത കാണുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തത് ഏത് മാധ്യമധര്‍മത്തിന്റെ പേരിലാണ്?

RELATED ARTICLE

ദൈവരാജ്യത്തെ നരബലി

Advertisement