മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വഌഡിമിര്‍ പുടിന് ജയം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും ആരോപണമുണ്ട്. കഴിഞ്ഞ നാലുവര്‍ഷം പ്രധാനമന്ത്രിപദം അലങ്കരിച്ച പുടിന്‍ മൂന്നാംവട്ടം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുകയാണ്.

തീവ്ര ദേശീയകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വഌഡിമിര്‍ സിറിനോവ്‌സ്‌കി, സ്വതന്ത്രനായി മത്സരിക്കുന്ന വ്യവസായ ഭീമന്‍ മിഖായേല്‍ പ്രോക്കൊറോവ്, രാജ്യത്തെ ഉപരിസഭയുടെ മുന്‍ സ്പീക്കറും മധ്യ ഇടതുകക്ഷിയായ ജസ്റ്റ് റഷ്യയുടെ നേതാവുമായ സെര്‍ജി മിറൊനോവ് എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍.

ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തായപ്പോള്‍ പുടിന്‍ 64 ശതമാനം വോട്ടു നേടിയിരുന്നു.പ്രധാന എതിരാളിയായ കമ്യൂണിസ്റ്റ് നേതാവ് ഗെന്നഡി സ്യുഗാനോവിനു 17 ശതമാനം വോട്ടാണ് ലഭിച്ചത്. മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ക്കും എടുത്തുപറയാവുന്ന പിന്‍ബലം ലഭിച്ചില്ല. അതേസമയം, വോട്ടെടുപ്പില്‍ വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും സ്യുഗാനോവ് പ്രഖ്യാപിച്ചുകഴിഞ്ഞു.

2000 മുതല്‍ 2008 വരെയുള്ള കാലത്ത് രണ്ട് പ്രസിഡന്റ് കാലാവധികള്‍ പൂര്‍ത്തിയാക്കിയ പുടിന്‍ റഷ്യന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് തുടര്‍ച്ചയായി മൂന്നുവട്ടം പ്രസിഡന്റാകാതിരുന്നത്. 2008ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം അടുത്ത അനുയായി ദിമിത്രി മെദ്‌വദേവിന് പ്രസിഡന്റ് സ്ഥാനം നല്‍കി.

ഏകാധിപത്യ പ്രവണതകള്‍ പ്രകടമാക്കിയ പുടിനെതിരെ ജനവികാരം ശക്തമായിരുന്നു. അത്  ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രകടമാവുകയും ചെയ്തു. അതിനാല്‍ കൃത്രിമം നടത്തിയാണ് ഭരണകക്ഷി ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും പുടിനെതിരായ പ്രക്ഷോഭം അരങ്ങേറി. പുടിന്‍ ജയിച്ചാല്‍ ആ വിധി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ മുന്നറിയിപ്പ് ന്ല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും അതുകൊണ്ട് തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ മോസ്‌കോയിലും സമീപപ്രദേശങ്ങളിലും പ്രതിഷേധ റാലികള്‍ നടത്തി. ഇതിനിടെ, പുടിന്റെ അനുയായികള്‍ വിജയം ആഘോഷിക്കാന്‍ മോസ്‌കോയില്‍ തടിച്ചുകൂടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരങ്ങളില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചു.

Malayalam news

Kerala news in English