എഡിറ്റര്‍
എഡിറ്റര്‍
ലക്ഷം കടന്ന് എ.ടി.എം
എഡിറ്റര്‍
Thursday 16th August 2012 12:15pm

ചെന്നൈ: രാജ്യത്തെ എ.ടി.എമ്മുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി കണക്കുകള്‍. നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ അവസാന കണക്കുപ്രകാരം 1,01,400 എ.ടി.എമ്മുകളാണ്‌ രാജ്യത്തുള്ളത്.

Ads By Google

എ.ടി.എമ്മുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്റ്റേറ്റ്‌ബാങ്ക് ഗ്രൂപ്പാണ്. ആകെ 27,778 എ.ടി.എമ്മുകളാണ് സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ്‌ ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ്‌ ബാങ്ക് ഓഫ് പട്യാല എന്നീ ബാങ്കുകള്‍ ഉള്‍പ്പെടുന്ന സ്റ്റേറ്റ്‌ ബാങ്ക് ഗ്രൂപ്പിനുകീഴില്‍ രാജ്യത്താകമാനമുള്ളത്.

രണ്ടാം സ്ഥാനത്ത് ആക്‌സിസ് ബാങ്ക് (10729), മൂന്നാം സ്ഥാനത്ത് എച്ച്.ഡി.എഫ്.സി ബാങ്ക് (10079) എന്നിവയാണുള്ളത്. ആദ്യ മൂന്ന് സ്ഥാനക്കാരായ ബാങ്കുകള്‍ മാത്രമാണ് എ.ടി.എമ്മുകളുടെ എണ്ണത്തില്‍ പതിനായിരം കടന്നത്. നാലാം സ്ഥാനത്തുള്ള ഐ.സി.ഐ.സി.ഐ ബാങ്കിന് 9406 എ.ടി.എമ്മുകളുണ്ട്.

ജൂണിലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ എ.ടി.എമ്മുകളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 12,133 എ.ടി.എമ്മുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 10,524, അടുത്ത സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ 8516 എ.ടി.എമ്മുകളുണ്ട്. ജൂണ്‍ മാസത്തെ കണക്കനുസരിച്ച് കേരളത്തില്‍ ആകെയുള്ളത് 4516 എ.ടി.എമ്മുകളാണ്.

ജൂണോടുകൂടിയാണ് എ.ടി.എമ്മുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. മേയ് വരെ 99,242 എ.ടി.എം ഉണ്ടായിരുന്ന സ്ഥാനത്ത് ജൂണ്‍ അവസാനിച്ചപ്പോള്‍ അത് 1,00,404ലെത്തി. കഴിഞ്ഞ മാസം ആയിരത്തോളം പുതിയ എ.ടി.എമ്മുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു.

ഈ വര്‍ഷം ഇതുവരെ പതിനായിരത്തിലേറെ എ.ടി.എമ്മുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കിങ് ഇടപാടുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ രണ്ടുലക്ഷം എ.ടി.എമ്മുകളെങ്കിലും വേണമെന്നാണ് എന്‍.പി.സിഐയുടെ വിലയിരുത്തല്‍.

എ.ടി.എം മുഖേന ശരാശരി ഒരു ദിവസം 60 ലക്ഷത്തോളം ഇടപാടുകളാണ് നടക്കുന്നത്. ഇതില്‍ 45 ലക്ഷത്തിനടുത്ത് ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ വേണ്ടിയാണ്. ദിവസം 1500 കോടി രൂപ എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കുന്നുണ്ട്.

Advertisement