കോയമ്പത്തൂര്‍: വാഹനങ്ങള്‍ക്കൊക്കെ ഭയങ്കര വിലയാണ്. എന്നാല്‍ ഒരു ബൈക്കെങ്കിലും സ്വന്തമായി വാങ്ങാന്‍ ആഗ്രഹിക്കാത്തവരുണ്ടാവുകയുമില്ല. ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസമാണ് സെക്കന്‍ഹാന്റ് വാഹനങ്ങള്‍. പക്ഷെ ഒരു പ്രശ്‌നമുണ്ട്. ഇവ മാര്‍ക്കറ്റില്‍ കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടണം.

ഇത്തരക്കാരെ സഹായിക്കാനായാണ് കോയമ്പത്തൂരില്‍ മൗലാന മുഹമ്മദ് അലി മാര്‍ക്കറ്റ് തുടങ്ങിയത്. ഇത് പഴയമാര്‍ക്കറ്റ്, ഉക്കാടം മാര്‍ക്കറ്റ് എന്നീ പേരുകളിലും ഈ മാര്‍ക്കറ്റ് അറിയപ്പെടുന്നുണ്ട്. സെക്കന്റ് ഹാന്റ് ഉല്പന്നങ്ങളും, ഓട്ടോമൊബൈല്‍ പാട്‌സും വില്‍ക്കുന്ന കോയമ്പത്തൂരിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണിത്.

ടൗണ്‍ഹാളിനടുത്തുളള ടെക്‌സ്റ്റൈല്‍ മത്സ്യമാര്‍ക്കറ്റുകള്‍ക്കളുടെ ഒരു ഭാഗമായിരുന്നു ഈ പഴയമാര്‍ക്കറ്റ്. എന്നാല്‍ പിന്നീട് ഈ മാര്‍ക്കറ്റ് അവിടെ നിന്ന് മാറ്റുകയും ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മൗലാനാ മുഹമ്മദ് അലിയുടെ പേര് നല്‍കുകയുമായിരുന്നു.

ഇവിടെയുള്ള കടകളില്‍ മിക്കതും കേരളത്തിലെ പാലക്കാട്, വടക്കാഞ്ചേരി ഭാഗത്തുള്ളവരുടേതാണ്. 1989ലാണ് ഈ പഴയ മാര്‍ക്കറ്റ് ഉക്കാടത്തിനുത്തേക്ക് മാറ്റിയത്.

നിങ്ങള്‍ വില്‍ക്കുന്ന പഴയ സാധനങ്ങളും സ്‌പെയര്‍ പാട്‌സും എത്തുന്നതും ഈ മാര്‍ക്കറ്റില്‍ തന്നെയാണ്. ഇത്തരം സാധനങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത് പഴയ ഫാക്ടറി ബില്‍ഡിംങ്ങുകളിലോ, പഴയ ഷോപ്പുകളിലോ ആണ്. ഇവിടെ നിന്നും സാധനങ്ങള്‍ അതത് ഷോപ്പുകളിലേക്ക് മാറ്റുകയാണ് പതിവ്. ഉദാഹരണത്തിന് കാറിന്റെയോ ബസിന്റെയോ സീറ്റുകളാണ് നിങ്ങള്‍ വിറ്റതെങ്കില്‍ അത് അത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലെത്തിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളാണെങ്കില്‍ അവ വില്‍ക്കുന്ന കടയിലെത്തിക്കും. അതിന് തങ്ങള്‍ക്ക് പ്രത്യേക ആളുകളുണ്ടെന്ന് മൗലാനാ മുഹമ്മദ് അലി മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതാവ് നൂറു മുഹമ്മദ് പറഞ്ഞു.

3,000ത്തിലധികം ആളുകളാണ് ഈ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്നത്. ഇവരില്‍ പലരും വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നവരാണ്. 200 നടുത്ത് കച്ചവടക്കാരുണ്ട് ഈ മാര്‍ക്കറ്റില്‍. പലരും പാരമ്പര്യമായി ഈ ജോലി ചെയ്തിരുന്നവരാണെന്നും നൂറു മുഹമ്മദ് പറയുന്നു.

പഴയമോഡല്‍ വാഹനങ്ങളുടേയും പുതിയ മോഡലുകളുടേയും പാട്‌സുകള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം ഉപഭോക്താക്കളെക്കൂടാതെ സിനിമാക്കാരും ഇവിടെയെത്തുന്നുണ്ട്. സിനിമയ്ക്കുവേണ്ടി പഴയവാഹനങ്ങളും മറ്റും ഇവിടെ നിന്നാണ് ശേഖരിയ്ക്കാറുള്ളത്.