ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിലെ ദയനീയ പ്രകടനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍. മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ലെ, രാഹൂല്‍ ദ്രാവിഡ് എന്നിവരുള്‍പ്പെടുന്ന സ്‌പെഷ്യല്‍ കമ്മറ്റിയെയാണ് ടീമിന്റെ തോല്‍വികള്‍ക്ക് കാരണം കണ്ടെത്താനായി ചുമതലപ്പെടുത്തിയത്.

ബി.സി.സി.ഐയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത എന്‍.ശ്രീനിവാസനാണ് അന്വേഷണം പ്രഖ്യാപിച്ചത്. നാല് ടെസ്റ്റുകളും ഒരു ടി-20യും അഞ്ച് ഏകദിനമത്സരങ്ങളുമടങ്ങിയ ഇംഗ്ലണ്ട് പര്യാടനത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടില്‍ നിന്ന് അതിദയനീയമായ തോല്‍വിയാണ് ഇന്ത്യ ഏറ്റ് വാങ്ങിയത്.

ടെസ്റ്റ് മത്സരങ്ങള്‍ 4-0ന് അടിയറ വച്ച ഇന്ത്യ ഏകദിന പരമ്പര 3-0നും തോറ്റിരുന്നു. ഏക ടി-20 മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. തിങ്കളാഴ്ച നടന്ന ബി.സി.സി.ഐയുടെ 82ാം വാര്‍ഷിക യോഗത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) പുതിയ പ്രസിഡണ്ടായി നിലവിലെ സെക്രട്ടറിയായ എന്‍. ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ബി.സി.സി.ഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മറ്റിയില്‍ യശ്പാല്‍ ശര്‍മ്മക്ക് പകരം മൊഹിന്ദര്‍ അമര്‍നാഥിനെ ഉള്‍പ്പെടുത്തിയതായും ശ്രീനിവാസന്‍ അറിയിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ആക്ടിംഗ് ചെയര്‍മാനായ ചിരായു അമീനുപകരം കേന്ദ്രമന്ത്രിയും ബി.സി.സിഐ. വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല ഐ.പി.എല്ലിന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു.