ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അറിവോടെയാണ് 2 ജി സ്‌പെക്ട്രം വില്‍പനയ്ക്ക അനുമതി നല്‍കിയതെന്ന്  എ.രാജ. ടു ജി അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന രാജ സി.ബി.ഐ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജയുടെ വാദം ഇപ്പോഴും തുടരുകയാണ്.

പ്രധാനമന്ത്രിയുടെയും അന്നത്തെ  ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അനുമതിയോടെയാണ് താന്‍ ഇടപാട് നടത്തിയതെന്നും 2 ജി ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തുന്നതിന് മുമ്പുതന്നെ ധനമന്ത്രിയായിരുന്ന ചിദംബരം അനുമതി തന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിടെക്കിന്റെയും ഡിബി റിയാലിറ്റീസിന്റെയും ഓഹരികള്‍ കൈമാറ്റം ചെയ്തത് ശരിയായ നടപടിയായിരുന്നു. ഡിബി റിയാലിറ്റീസിന്റെ ഓഹരി കൈമാറ്റത്തിന് അംഗീകാരം നല്‍കിയത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്. ഇടപാടില്‍ ക്രമക്കേടുണ്ടെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തിരുത്താമായിരുന്നുവെന്നും രാജ വ്യക്തമാക്കി.

രാവിലെ വാദം തുടങ്ങിയപ്പോള്‍ ഈ അഴിമതിക്കേസില്‍ താന്‍ തെറ്റുകാരനല്ലെന്നും എന്‍.ഡി.എ സര്‍ക്കാരിന്റെ ടെലകോംനയം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു രാജയുടെ വാദം. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സര്‍ക്കാരിന്റെ നയം തെറ്റായിരുന്നെങ്കില്‍ താന്‍ മാത്രമല്ല, 1993 മുതലുള്ള എല്ലാ ടെലകോം മന്ത്രിമാരും ജയിലിലാകേണ്ടവരാണെന്നും അദ്ദേഹംപറഞ്ഞു.

ഗൂഢാലോചന, വ്യാജരേഖചമക്കല്‍, വഞ്ചന, അധികാര ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് രാജയുടെ മേലുള്ളത്.

2008ല്‍ അതിശയിപ്പിക്കുന്ന തരത്തില്‍ വിലകുറച്ച് സ്‌പെക്ട്രം വില്പന നടത്തി എ.രാജ വന്‍തുക പ്രതിഫലം വാങ്ങിയതായി സി.ബി.ഐ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ അറസ്റ്റിലാകുന്നത്. പ്രത്യുപകാരമായി സ്വാം ടെലികോം കമ്പനിയുടെ പ്രമോട്ടറായ ഷാഹിദ് ബല്‍വ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യയുടേയും മകളുടേയും പേരിലുള്ള കലൈഞ്ജര്‍ ടി വി മുഖേന 200 കോടി രൂപയുടെ ഇടപാട് നടത്തിയെന്നായിരുന്നു കേസ്. ഈ കേസുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ മകള്‍ കനിമൊഴി എം.പിയും തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

സ്പെക്ട്രം: രാജ-മന്‍മോഹന്‍ കത്തിടപാടുകള്‍