എഡിറ്റര്‍
എഡിറ്റര്‍
രണ്ട് രൂപ അരി: എ.പി.എല്‍ റേഷന്‍ സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍
എഡിറ്റര്‍
Thursday 8th November 2012 12:30am

തിരുവനന്തപുരം: എ.പി.എല്‍ വിഭാഗത്തിന് രണ്ട് രൂപ നിരക്കില്‍ നല്‍കിവരുന്ന അരിയുടെ സബ്‌സിഡി ഇനിമുതല്‍ കാര്‍ഡുടമകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ തീരുമാനമായി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

Ads By Google

ബി.പി.എല്‍ വിഭാഗത്തിന് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കും. സബ്‌സിഡി ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇനി ബി.പി. എല്‍ കുടുംബങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് കൂടി റേഷന്‍കടയില്‍ നല്‍കണം. സ്മാര്‍ട്ട് കാര്‍ഡ് രേഖപ്പെടുത്താന്‍ പ്രത്യേക യന്ത്രം റേഷന്‍ കടകള്‍ക്ക് നല്‍കും. എത്ര കിലോ അരി വീതം ഓരോ കാര്‍ഡുടമയും വാങ്ങിയെന്നറിയാനാണിത്. സ്മാര്‍ട്ട് കാര്‍ഡില്ലാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ 8.90 രൂപ നിരക്കില്‍ അരി വാങ്ങണം. ഇതില്‍ ഒമ്പത് കിലോക്കുള്ള 6.90 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതിലൂടെ യഥാര്‍ഥ അവകാശിക്ക് മാത്രമായിരിക്കും സബ്‌സിഡി ലഭിക്കുകയെന്ന് ഉറപ്പ് വരുത്തും. വാങ്ങുന്ന അരിക്ക് മാത്രമായിരിക്കും സബ്‌സിഡി.

ബി.പി.എല്‍ വിഭാഗത്തിന് ഒരു രൂപ നിരക്കില്‍ 25 കിലോ അരിയും എ.പി.എല്‍ വിഭാഗത്തിന് രണ്ട് രൂപ നിരക്കില്‍ ഒമ്പത് കിലോ അരിയും നല്‍കുന്നുണ്ട്. ഇതിന് മാത്രം 700 കോടിയാണ് പ്രതിവര്‍ഷം സബ്‌സിഡിയായി നല്‍കുന്നത്. ഇഎ.പി. എല്‍ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം 8.90 രൂപ നിരക്കില്‍ പത്ത് കിലോ അരിയും നല്‍കുന്നുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുന്നതിന് സപൈ്‌ളക്കോക്ക് 20 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 15 കോടിയും നല്‍കും. കൊപ്ര സംഭരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ക്വിന്റലിന് 500 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് സപൈ്‌ളകോ മുഖന അരിയാക്കി റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, ഈ അരി പൂര്‍ണമായും കാര്‍ഡുടമകളില്‍ എത്തുന്നില്ല. സംഭരിക്കുന്ന നെല്ല് അരിയാക്കുന്നതില്‍ 62,000 ടണ്‍ ഉച്ചക്കഞ്ഞിക്കായി സ്‌കൂളുകള്‍ക്ക് നല്‍കും. ശേഷിക്കുന്നത് റേഷന്‍കടകളിലൂടെ വിതരണം ചെയ്യും.

Advertisement