ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ വിഷയത്തില്‍ അണ്ണാ ഹസാരെ നടത്തിയ പതിമൂന്ന ദിവസം നീണ്ട് നിന്ന് നിരാഹാര സമരത്തിന് പിന്നാലെ മറ്റൊരു സമരത്തിന് കൂടി ദില്ലിയിലെ ജന്തര്‍ മന്തര്‍ വേദിയാവുന്നു. സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദനാണ് ഈ മാസം ഇരുപത്തി ഒന്നിന് ജന്തര്‍മന്തറില്‍ നിരാഹാരമിരിക്കുന്നത്.

പാര്‍ലിമെന്റിന്റെ ശീത കാല സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ബില്‍പാസ്സാക്കുക, വിലകയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബര്‍ദനോടൊപ്പം ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നിരാഹാരത്തില്‍ പങ്കാളികളാവും. അന്നേ ദിവസം ജില്ലാ കേന്ദ്രങ്ങളിലും നിരാഹാരസമരത്തിന് സി.പി.ഐ. ആഹ്വാനം ചെയ്തിട്ടുണ്ട്.

Subscribe Us:

74കാരനായ ഹസാരെയുടേത് അനിശ്ചിതകാല നിരാഹാരസമരമായിരുന്നെങ്കില്‍ 86കാരനായ ബര്‍ദന്റേത് ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരമാണ്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു സി.പ.ഐ. ജനറല്‍ സെക്രട്ടറി നിരാഹാരം ചെയ്യുന്നത്. ഇതെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ താന്‍ നേതാവല്ലെന്നും സാധാരണ പാര്‍ട്ടിപ്രവര്‍ത്തകനാണെന്നുമായിരുന്നു ബര്‍ദന്റെ മറുപടി. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയാനിരിക്കുകയാണ് ബര്‍ദന്‍.