എഡിറ്റര്‍
എഡിറ്റര്‍
പുരോഹിതന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു, കത്തോലിക്കാ സഭയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആത്മകഥ
എഡിറ്റര്‍
Friday 6th April 2012 9:23am

കല്‍പ്പറ്റ: കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റര്‍ ജെസ്മി എഴുതിയ ‘ആമേന്‍’ എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവര്‍ഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്. ഇപ്പോഴിതാ കന്യാസ്ത്രീ ജീവിതത്തിനിടയിലെ പ്രശ്‌നങ്ങള്‍ തുറന്നെഴുതാന്‍ മറ്റൊരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും മുന്നോട്ടുവരികയാണ്.

67 കാരിയായ സിസ്റ്റര്‍ മേരി ചാണ്ടിയാണ് കന്യാസ്ര്തീ മഠങ്ങളിലെ സ്വന്തം പീഡാനുഭവങ്ങളെ കുറിച്ച് എഴുതുന്നത്. 40 വര്‍ഷത്തെ കന്യാസ്ത്രീ ജീവിതം ഉപേക്ഷിച്ച് 13 വര്‍ഷം മുമ്പാണ് മേരി തിരിച്ചുവന്നത്. ‘നന്മ നിറഞ്ഞവരേ സ്വസ്ഥി’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങും.

കണ്ണൂര്‍ ജില്ലയിലെ ഒരു കത്തോലിക്കാ കോണ്‍വെന്റിലായിരുന്നു മേരി. കന്യാസ്ത്രീ ജീവിതത്തിനിടയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന വേദനകള്‍ വിശദമായി തന്നെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, ലൈംഗികചൂഷണങ്ങള്‍, തന്നെ മൂല്യങ്ങളില്‍ ഉറച്ചുനിന്നതിനാല്‍ നേരിടേണ്ടി വന്ന അപമാനങ്ങള്‍ എന്നിവ മേരി വിശദമായി പരാമര്‍ശിക്കുന്നുണ്ട്.  ഒരു പുരോഹിതന്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സ്വന്തം അനുഭവങ്ങളാണ് താന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് സിസ്റ്റര്‍ മേരി പറയുന്നു.

വീണ്ടും ഓര്‍ക്കാനാകാത്ത അനുഭവങ്ങളായിരുന്നു കോണ്‍വെന്റില്‍ തനിക്ക് ഉണ്ടായതെന്ന് സിസ്റ്റര്‍ മേരി പറയുന്നു. എങ്കിലും ആരെങ്കിലും ഇതെല്ലാം തുറന്നു പറയണമല്ലോ. അതിനാലാണ് അവയെല്ലാം എഴുതാന്‍ തീരുമാനിച്ചത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച പുരോഹിതനെ താന്‍ കസേരയെടുത്ത് തലയ്ക്കടിച്ചു. പരാതിപ്പെട്ടപ്പോള്‍ തനിക്കെതിരെയാണ് ആരോപണമുണ്ടായതെന്ന് അവര്‍ പറയുന്നു.

‘അശ്ലീലചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ സ്ഥിരമായി വായിക്കാറുണ്ട്. അവര്‍ക്കെങ്ങനെയാണ് അത് തൊടാന്‍ കഴിയുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ആരാണ് അവര്‍ക്ക് ഈ മാഗസീനുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.’ മേരി ആത്മകഥയില്‍ പറയുന്നു.

പുരോഹിതന്‍മാരെ വിവാഹം ചെയ്യാന്‍ അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സിസ്റ്റര്‍ മേരി പറയുന്നത്. മഠത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും കന്യാസ്ര്തീ ജീവിതം തന്നെ തുടരുകയാണ് മേരി. വയനാട്ടില്‍ ഒരു വാടക വീടെടുത്ത് അനാഥാലയം നടത്തുകയാണ് അവര്‍ ഇപ്പോള്‍.   17 അനാഥ കുട്ടികളെ അവര്‍ ഇവിടെ സംരക്ഷിക്കുന്നുണ്ട്. അനാഥര്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും അവരുടെ ഭാവിയെകുറിച്ചു മാത്രമെ ഉത്കണ്ഠയുള്ളൂവെന്നും സിസ്റ്റര്‍ മേരി പറയുന്നു.

പാലാസ്വദേശിനിയാണ് മേരി. 13 വയസിലാണ് മേരി കന്യാസ്ത്രീയാവുന്നത്. എന്നാല്‍ ദൈവത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ മോഹിച്ച് കന്യാസ്ത്രീയായ മേരിക്ക് അനുഭവിക്കേണ്ടി വന്നത് നാല് ദശാബ്ദം നീണ്ട കഷ്ടപ്പാടുകളും ചതിയും നിരാശയുമായിരുന്നു. ഒരു നിമിഷം പോലും അവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോള്‍ 1999ല്‍ മേരി തിരിച്ചുവരികയായിരുന്നു.

Advertisement