Administrator
Administrator
മനസ്സില്‍ പ്രകൃതി ഇറ്റിച്ചത്….
Administrator
Friday 25th March 2011 5:34pm

സൂചിമുന/ തുന്നല്‍ക്കാരന്‍

ഒന്ന്…

ആകാശം…
ആകാശത്തേക്ക് നോക്കുമ്പോള്‍ മനുഷ്യന്‍ ശാസ്ത്രത്തെക്കാള്‍ സൗന്ദര്യത്തില്‍ അഭിരമിക്കുന്നു. പ്രകൃതിയെന്ന ഒരു കുട്ടിയുടെ കൈയ്യിലെ സ്ലേറ്റാണോ ആകാശം ? അവള്‍ നിരന്തരം എന്തൊക്കയോ എഴുതിക്കൂട്ടുന്നു… മഴമേഘങ്ങള്‍ ആനക്കൂട്ടം പൊലെ മേഞ്ഞു നടക്കും. ചിലപ്പോള്‍ ആകാശത്തെ നെടുകെ പിളര്‍ക്കുന്നൊരു ഇടിമിന്നല്‍. ആകാശത്തിലേക്ക് പത്തിവിരിച്ച് വാലില്‍ ചാടിയുയരുന്ന ഒരു വെള്ളിത്തിളക്കമാര്‍ന്ന രാജവെമ്പാല.

മഴപെയ്യുമ്പോള്‍ ആകാശം കാമധേനുവിന്റെ അകിടുപോലെ മാറുന്നു.. സൂര്യന്‍ ഉദിച്ച് വരുമ്പോള്‍ എന്തേ തൊണ്ടിപ്പഴത്തിന്റെ നിറമെന്ന് അതിശയിച്ചിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന മടിയന്മാരെ ഉണര്‍ത്താന്‍ അല്ലേ ഈ നിറം ? പുലര്‍ച്ചകളിലും സന്ധ്യകളും പ്രകൃതി വര്‍ണ്ണങ്ങള്‍ വാരിയൊഴിക്കുന്നു.. വാന്‍ഗോഗ് പ്രകൃതിയുമായി കളിക്കാന്‍ ചെന്നതുപോലെയാണപ്പോള്‍… ചിലപ്പോള്‍ പ്രകൃതി തുപ്പലുതൊട്ട് അകാശം തൂത്തുതുടക്കും……. നീലാകാശം..!

ഇതിന്റെ കീഴിലിരുന്നാണു നെരൂദ കവിത കുറിച്ചത്… ഒരു എഴുത്തു മുറി വേണമെന്ന് പറഞ്ഞ വെര്‍ജീനിയായോട് എനിക്ക് വിശാലമായൊരു ആകാശം മതിയെന്ന് അയ്യപ്പന്‍ പറഞ്ഞത്…

ആകാശമേ നീ ശസ്ത്രക്രിയക്കായി വയര്‍ കീറിമുറിച്ച് കിടക്കുന്നൊരു രോഗിയോ ?
ആകാശമേ നീ മഴവില്ലുകൊണ്ട് കണ്ണെഴുതുന്നൊരു പെണ്ണോ ?
ആകാശമേ… നീ ഭുമിയോട് ഉപരിസുരതം നടത്തുന്നൊരു യക്ഷിയോ ?
കവികള്‍.. പാടിക്കൊണ്ടേയിരുന്നു… ആകാശം നിറങ്ങളും മാരിയും പൊഴിച്ചു കൊണ്ടും…

രണ്ട്…

കടല്‍… ഇത്രയും അനുസരണയില്ലാത്തൊരു കുട്ടിയെ പ്രകൃതി പെറ്റിട്ടുണ്ടാവില്ല. ഒരു നിമിഷം ഇവള്‍ മര്യാദക്കിരിക്കില്ല.. എപ്പോഴും തന്റെ പാദസരം കിലുങ്ങുന്നോ എന്നറിയാന്‍ ഓടിയോടി കരയിലേക്ക് വരും.. കരയാ കൊച്ചു പാദങ്ങളെ കവിളുകളാല്‍ ഉമ്മ വെക്കും… അയ്യോ ഇക്കിളിയെന്ന് പറഞ്ഞ് കടല്‍ തിരയെ അഴിച്ചെറിഞ്ഞ് തിരിച്ചോടും..

അടുത്ത തവണ വരുമ്പോള്‍ ഇവള്‍ പുതിയ പാദസരം കൊണ്ടുവരും.. ഇവളുടെ അച്ഛനെന്താ പണി ? ഇവള്‍ക്കായി പാദസരങ്ങള്‍ പണിതുകൊണ്ടേയിരിക്കുന്ന സ്‌നേഹമയിയായൊരു തട്ടാന്‍ അച്ഛനോ ഇവളുടെ അച്ഛന്‍..? ഈ വെള്ളിയെല്ലാം വാങ്ങിച്ച് കൂട്ടിക്കൂട്ടി ഇവളുടെ അപ്പനിപ്പോള്‍ ഏ.ഡി.ബിയില്‍ നിന്നും ലോണ്‍ എടുത്തതുപോലെ ചന്ദ്രന്‍ മുതലാളിക്ക് കടക്കാരന്‍ ആയിട്ടുണ്ടാവും….

പാത്തുക്കുട്ടി… കടല്‍ തിരകളിലേക്ക് തന്റെ കാലുകള്‍ നീട്ടിവെച്ചുകൊടുത്തൂ… കണ്ടോ എന്റെ കാലുകള്‍.. സ്വര്‍ണ്ണപ്പാദസരം… അപ്പോള്‍ കടല്‍ കുട്ടി ഓടിവന്ന് അവളുടെ പാദത്തിലൊരു ഇടിവെച്ചുകൊടുത്തൂ…
പാത്തൂ ഇക്കിളികൊണ്ട് ചിരിച്ചുപോയി… ആ ചിരി കണ്ട് സൂര്യന്‍ കടലിനെ ചേര്‍ത്തുപിടിച്ചൊരു ഉമ്മകൊടുത്തൂ…

മൂന്ന്…

ഭൂമി.. നില്‍ക്കാനൊരു തറ വേണം.. ആ തറയിലുറച്ചലേ തലച്ചോര്‍ ഉറക്കൂ.. മനുഷ്യന്‍ മണ്ണിലുറച്ചത്, ഒരു വീട് വെച്ച് കൃഷിയിലെക്ക് കൂടിയപ്പോഴാണ്. കാലുകള്‍ ചലിക്കുമ്പോള്‍ ചിന്ത ചലിക്കാതിരുന്നൊരു കാലത്തു നിന്നും കാലുകള്‍ മണ്ണിലുറച്ചപ്പോള്‍ അവന്റെ ചിന്തകള്‍ കെട്ടുവിട്ടൊരു പട്ടമായി പറന്നു.

അതിനാലാണു ഈ ഭൂമി ഹതിതാഭമായ് നില്‍ക്കണമെന്ന് പറയുന്നത്.. തലക്ക് മീതേ തണല്‍ വിരിക്കുന്ന വൃക്ഷങ്ങള്‍, ഇവിടെ പാടാന്‍ കുയിലുകള്‍… കേട്ട ഗാനത്തെക്കാള്‍ മധുരതരമായ ഗാനങ്ങള്‍ അവര്‍ പാടാന്‍ ഇരിക്കുന്നു. ഇപ്പോള്‍ പുതിയ പഴത്തിന്റെ രുചിയൊന്നും അറിയാത്തതിനാലാവും കുയിലുകള്‍ പുതിയ ഗാനങ്ങള്‍ ആലപിക്കാത്തത്.. അല്ലെങ്കില്‍ ജനിതകമാറ്റം വരുത്തിയ പഴങ്ങളുടെ ചാറുകുടിച്ച് തൊണ്ടകുറിപ്പോയിരിക്കാം…

അന്നക്കുട്ടിക്ക് എപ്പോഴും കൗതുകമാണ് എങ്ങനെയാണു ഒരു വിത്ത് ഭൂമിക്കടിയില്‍ പമ്മിക്കിടന്ന് ഒരു ദിവസം മുളയായ് പുറത്തേക്ക് വരുന്നത്?. ഭൂമിയുടെ അടിയില്‍ ജീവന്റെ മരുന്നുണ്ടോ?. പക്ഷേ, എന്തേ കുഴിച്ചിട്ട വല്യപ്പച്ചന്‍ മാത്രം മുളപൊട്ടിയില്ല…?. ഭൂമി എന്തേ വല്യപ്പച്ചനും മാത്രം ആ മരുന്ന് നല്‍കിയില്ല..?. അന്നക്കുട്ടിക്ക് കരച്ചിലൊക്കെ വന്നൂ… അപ്പോഴേക്കും അവളുടെ മൂക്കില്‍ തുമ്പില്‍ പറന്നുവന്നിരുന്നൊരു തുമ്പി അവളുടെ മനസ്സുമായ് പറന്നു കഴിഞ്ഞിരുന്നു…

ചിത്രത്തൂവാല…

ആകാശത്തെയും കടലിനെയും ഭൂമിയേയും കൂട്ടിത്തുന്നിയ നൂലുകള്‍… അത് എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാം… ഓസോണ്‍ പാളിയില്‍ ഒരു വിള്ളല്‍ വീണാല്‍… ഭൂമിയില്‍ ഒരു രാജ്യത്തെ ജനങ്ങള്‍ സമ്പന്നരും സ്വാര്‍ത്ഥരുമായി ആയിമാറിയാല്‍… കടല്‍ തന്റെ പാദസരം അഴിച്ചു വെക്കുകയും കരയിലേക്ക് ഭ്രാന്ത് പിടിച്ച് ഓടിക്കയറുകയും ചെയ്യും… കടലിന്റെ ഭ്രാന്ത്… അത് മനുഷ്യന്റെ ഭ്രാന്തിനെക്കാള്‍ ഭീകരമാണ്… !


സൂചിമുന…

കടലിനോടും കരയോടും ആകാശത്തോടും അസൂയ തോന്നിയ മനുഷ്യന്റെ മനസ്സിനെ തണുപ്പിക്കാന്‍ പ്രകൃതി അവന്റെ ഹൃദയത്തിലും തലച്ചോറിലും ഒഴിച്ചുകൊടുത്ത കുളിരാണു കവിത…!

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement