A.K Ramesh about hamara swabhiman

കമന്റ്‌സ് / എ.കെ.രമേശ്

രാജ്യത്തൊട്ടാകെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളിലും ബാങ്കിങ്ങ് സൗകര്യം എത്തിക്കാനായുള്ള ഒരു മഹാപ്രസ്ഥാനം, സ്വാഭിമാന്‍ ആരംഭിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വന്‍ പ്രചാരണമാണ് കേന്ദ്രസര്‍ക്കാര്‍ അഴിച്ചു വിടുന്നത്. അവശേഷിച്ച 73000 ഗ്രാമങ്ങളില്‍കൂടി 2012 മാര്‍ച്ചിനകം ഈ സൗകര്യം എത്തിക്കാനാണത്രെ പദ്ധതി. രാജ്യവ്യാപകമായ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് യുപിഎ ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും പ്രണാബ്കുമാര്‍ മുഖര്‍ജിയുടെയും വര്‍ണ ചിത്രങ്ങളടങ്ങിയ മുഴുനീള പരസ്യം മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. ”ഞങ്ങളുടെ അക്കൗണ്ട്, ഞങ്ങളുടെ അഭിമാനം” എന്നാണ് തലക്കെട്ട്. ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ (Financial inclusion)ആണത്രെ ലക്ഷ്യം.

73000 ജനവാസ കേന്ദ്രങ്ങളില്‍ ബാങ്കിങ്ങ് സൗകര്യം ഇനിയും എത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും ബാങ്കുടമകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും തുറന്നു സമ്മതിക്കുന്നു. എന്നിട്ടുമെന്തേ കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ 3000 ത്തിലേറെ ഗ്രാമീണ ശാഖകള്‍ അടച്ചു പൂട്ടിയത്? ഇതിന് ഉത്തരം പറഞ്ഞുകൊണ്ടു മാത്രമേ ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനെക്കുറിച്ചുള്ള ഏത് ആലോചനക്കും മുന്നോട്ടു പോവാനാവൂ. 73000 കേന്ദ്രങ്ങളിലേക്കും ബാങ്കിങ്ങ് സേവനം വ്യാപിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കൂടുതല്‍ ശാഖകള്‍ തുറന്നും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചും വളരെ എളുപ്പം സാധിക്കാവുന്ന ഒന്നാണിത്. എന്നാല്‍ ഇപ്പോള്‍ പറച്ചെണ്ടകള്‍ മുഴക്കിക്കൊണ്ട് ഹൈവോള്‍ട്ടേജ് പ്രചാരണം അഴിച്ചു വിടുന്നതിനു പിറകിലുള്ള ലക്ഷ്യം വേറെയാണ്.

കേള്‍ക്കാന്‍ എന്ത് ഇമ്പം?

കേട്ടാല്‍ പെട്ടെന്നു നല്ലതെന്നു തോന്നിക്കാന്‍ ഇത്തരം പരസ്യങ്ങള്‍ക്ക് കഴിയും. എന്നാല്‍ അനുഭവമെന്താണ്? ബാങ്കുകളുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ തിരിച്ചു പിടിക്കമ്പനികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം എത്ര നിഷ്‌കളങ്കമായാണ് മുന്നോട്ടുവെച്ചത്? നിലവിലുള്ള ബാങ്കിങ്ങ് സമ്പ്രദായത്തിന്റെ അപാകതകള്‍ കാരണം തിരിച്ചുപിടി കാര്യക്ഷേമമാകുന്നില്ലെന്നും ആകയാല്‍ അതിന് വേറെ സംവിധാനം ആകാം എന്നുമായിരുന്നു പ്രചാരണം. ഈ ന്യായവാദം നേരാണെന്ന് ധരിച്ചു വശായിരുന്നവരായിരുന്നു കൂടുതലും. എന്നാല്‍ ഇപ്പോള്‍, തിരിച്ചു പിടിക്കമ്പനികളുടെ ഉടമസ്ഥത ഇന്ത്യയിലെ വന്‍കിടകുത്തകകളുടേതായിത്തീര്‍ന്നിരിക്കുന്നു. വിദേശക്കമ്പനികള്‍ക്ക് അതില്‍ 74 ശതമാനം വരെ ഉടമസ്ഥതയാവാം എന്ന് ധാരണയായിരിക്കുന്നു.

അതേപോലെ തന്നെ അവതരിപ്പിക്കപ്പെട്ട മറ്റൊരാശയമാണ് മൈക്രോഫൈനാന്‍സ്. ചെറിയ നിക്ഷേപത്തെയും വായ്പയെയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംവിധാനമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ലഘുവായ്പാമേഖല ഇപ്പോള്‍ അടക്കി ഭരിക്കുന്നത് ആഗോള നിക്ഷേപക ഭീമന്‍ ജോര്‍ജ് സോറോസിനെപ്പോലുള്ളവരാണ്. അത്തരക്കാര്‍ വന്‍ലാഭം കൊയ്തു കൂട്ടുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഇടപാടുകാരുടെ എണ്ണം പെരുകി വരികയാണ്. മുഖ്യധാരാ ബാങ്കിങ്ങില്‍ നിന്ന് ചെറുകിട വായ്പക്കാരെ കുത്തിപ്പുറത്താക്കാനായാണ് ഇത്തരമൊരു സംവിധാനം എന്ന ആക്ഷേപം ശരിയായിരുന്നുവെന്ന് വൈകിയാണെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സദുദ്ദേശ പ്രേരിതമെന്ന് തോന്നിപ്പിച്ചുകൊണ്ട് എത്ര ആനായാസമാണ് ഇത്തരം സംവിധാനങ്ങള്‍ നാടന്‍ മറുനാടന്‍ കുത്തകകളുടെ കൈവെള്ളയില്‍ എത്തിച്ചു കൊടുക്കുന്നത്! 73000 ഗ്രാമപ്രദേശങ്ങളോടും അവിടത്തെ സാധാരണ മനുഷ്യരോടും പെട്ടെന്ന് അമിത വാത്സല്യം കാണിക്കുന്നതിന് പിന്നിലും ഇതേ താല്‍പര്യം തന്നെയാണ്!.

മല മമ്മദിനടുത്തേക്ക്?
”ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാങ്കിങ്ങ് കരസ്‌പോണ്ടന്റുകള്‍ വഴി ബ്രാഞ്ച് രഹിത ബാങ്കിങ്ങ് സൗകര്യം രാജ്യത്തെ വിദൂര കുഗ്രാമങ്ങളില്‍പ്പോലും എത്തിക്കും” എന്നാണ് പരസ്യം. ബ്രാഞ്ച് രഹിത ബാങ്കിങ്ങ് എന്നുവെച്ചാല്‍ നിങ്ങള്‍ ബാങ്കിലേക്ക് പോവേണ്ടതില്ല, ബാങ്ക് നിങ്ങളുടെ പടിവാതില്‍ക്കലെത്തും എന്നര്‍ത്ഥം. വീടുവീടാന്തരം കയറി പണപ്പിരിവ് നടത്താന്‍ വട്ടിപ്പണക്കാരന്‍ അയക്കുന്ന അണ്ണാച്ചിയുടെ വേറൊരു രൂപം. പേര് ബാങ്കിങ്ങ് കരസ്‌പോണ്ടന്റ്. ബാങ്കിന്റെ പ്രതിനിധിയായി ഇടപാടുകാരെ തേടിച്ചെല്ലുന്നൊരാള്‍. നിക്ഷേപങ്ങള്‍ സ്വീകരിക്കും, ചെറിയ വായ്പകള്‍ നല്‍കും. ഇങ്ങനെ ചെയ്യുന്നതിന് ബാങ്ക് ചെറിയൊരു കമ്മീഷന്‍ നല്‍കും. ശരിയാണ്, ബ്രാഞ്ച് രഹിത ബാങ്കിങ്ങ് സൗകര്യം. ബ്രാഞ്ചുകള്‍ വേണ്ട, ജീവനക്കാര്‍ വേണ്ട. പകരം അപ്പണിയാകെ സ്വകാര്യ മുതലാളിമാരെയും അവരുടെ സില്‍ബന്ധികളെയും ഏല്‍പ്പിച്ചാല്‍ മതി. ജീവനക്കാരുടെയും തൊഴില്‍ അന്വേഷകരുടെയും ചെലവില്‍ ഒരു ചെലവില്ലാ ബാങ്കിങ്ങ് സൗകര്യം.

മുന്നനുഭവം പറയുന്നത്

ബിസിനസ് കരസ്‌പോണ്ടന്റുമാരുടെ കാര്യത്തിലുള്ള മുന്നനുഭവം അത്ര സുഖകരമല്ല. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും തിരിമറികളുടെയും കഥകളാണ് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയേടങ്ങളില്‍ നിന്നൊക്കെ പുറത്തു വരുന്നത്. പട്ടണങ്ങളില്‍ നിന്ന് ബസ്സ് കയറി വരുന്ന, പാന്റ്‌സ് ധരിച്ച അഭ്യസ്ത വിദ്യരായ ബാങ്ക് ജീവനക്കാര്‍ക്ക് ഗ്രാമീണ ജനതയുടെ മനസ്സറിയില്ല എന്നാണ് ബാങ്കിങ്ങ് മേഖലാ പരിഷ്‌കാരത്തിനായി ശുപാര്‍ശ സമര്‍പ്പിച്ച പഴയ ഐ.എം.എഫ് ഉപദേഷ്ടാവ് രഘുരാം രാജന്‍ (അയാളിപ്പോള്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുകയാണ്) പറഞ്ഞത്. നാട്ടുമ്പുറത്തുകാരുടെ മനസ്സറിയാവുന്ന, അവര്‍ക്ക് വേണ്ടി സദാ വാതില്‍ തുറന്നു വെച്ചിട്ടുള്ള ഹുണ്ടികക്കാരെ സ്തുതിക്കാന്‍ അനേക താളുകള്‍ തന്റെ റിപ്പോര്‍ട്ടില്‍ ചെലവാക്കിയിട്ടുണ്ട് അദ്ദേഹം. ഇത്തരം ഹുണ്ടികക്കാരും ബാങ്കുകളും ഒന്നിച്ചു നീങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട് രഘുരാംരാജന്‍. ബാങ്കിങ്ങ് കരസ്‌പോണ്ടന്റിന്റെ തൊപ്പി ഹുണ്ടികക്കാര്‍ക്ക് നന്നായി ഇണങ്ങും എന്നര്‍ത്ഥം

ഗ്രാമീണ മേഖല സംരക്ഷിക്കാന്‍?

വാണിജ്യ ബാങ്കുകള്‍ കടന്നു ചെന്നിട്ടില്ലാത്ത കുഗ്രാമങ്ങളിലേക്ക് പടര്‍ന്നു കയറി ഗ്രാമീണ വായ്പാ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിപ്പോരുന്ന ഗ്രാമീണ ബാങ്കുകള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് തൂക്കി വില്‍ക്കുന്നതിനെക്കുറിച്ച് ധനകാര്യ മന്ത്രാലയം ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ബാങ്കിങ്ങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വലിയ ഒരളവ് വിജയിച്ച സഹകരണ ബാങ്കിങ്ങ് സംവിധാനത്തെ പൊളിച്ചടക്കാന്‍ പെടാപ്പാട് പെടുകയാണ് സര്‍ക്കാര്‍. ലാഭത്തില്‍ ഓടുന്ന സഹകരണ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനും നഷ്ടത്തിലോടുന്നവ അടച്ചുപൂട്ടാനുമാണ് നിര്‍ദ്ദേശം. അത്തരമൊരു സാഹചര്യത്തില്‍, ഗ്രാമീണരുടെ വായ്പാ നിക്ഷേപ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുക എന്ന സദുദ്ദേശമല്ല ”സ്വാഭിമാന്‍”’പരിപാടിക്കുള്ളത് എന്ന കാര്യം വ്യക്തം.

ഉള്‍ച്ചേര്‍ത്തലിന്റെ രീതി?
ഇവിടെയാണ് രഘുറാം രാജന്‍ കമ്മിറ്റി നേരത്തെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശത്തെ പുതിയ തീരുമാനവുമായി കൂട്ടിവായിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യരുടെ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ‘അനാദായകര’മായി നിക്ഷേപിക്കപ്പെട്ട കാശ് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതെങ്ങനെ എന്നാണ് രഘുറാംരാജന്‍ ചോദിച്ചത്. ഇങ്ങനെ അലസമായി കിടക്കുന്ന നൂറും ഇരുന്നൂറുമൊക്കെയായുള്ള നിക്ഷേപങ്ങള്‍ ഒന്നിച്ച് കുത്തിയൊലിച്ച് ഷെയര്‍മാര്‍ക്കറ്റില്‍ എത്തിയാല്‍ നേടാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ചാണ് വന്‍ വാഗ്ദാനം. ഷെയര്‍ ബ്രോക്കര്‍മാര്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഉണ്ടാകുന്ന മെച്ചത്തെപ്പറ്റിയല്ല, ദരിദ്ര നാരായണരായ നിരക്ഷരകുക്ഷികള്‍ക്ക് ഒരുക്കിക്കൊടുക്കുന്ന അവസര തുല്യതയെക്കുറിച്ചാണ് രഘുറാംരാജന്‍ ഗീര്‍വാണം. ചുരുക്കിപറഞ്ഞാല്‍ വിദൂര ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ അല്ലറ ച്ചില്ലറ സമ്പാദ്യങ്ങളെപ്പോലും ഒന്നിപ്പിച്ച് സ്വരൂപിച്ചെടുത്ത് ഷെയര്‍മാര്‍ക്കറ്റിലെത്തിക്കുന്നതിനുള്ള ടെക്‌നോളജി എങ്ങനെ വികസിപ്പിക്കാം എന്നാണ് അദ്ദേഹം ആലോചിച്ചത്.

വെറുമൊരു സിംകാര്‍ഡ് വഴി ഇന്ത്യയിലെങ്ങുമുള്ള മനുഷ്യരെ കോര്‍ത്തിണക്കാന്‍ കമ്യൂണിക്കേഷന്‍ മേഖലക്ക് കഴിയുന്നത്‌പോലെ അതി ലളിതമായ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തുകൊണ്ട് ധനകാര്യമേഖലയില്‍ ഉള്‍ച്ചേര്‍ത്തല്‍ (Financial inclusion) നടത്താനാണ് നിര്‍ദ്ദേശം.

ഇപ്പോള്‍ ഇവിടെയും. അതേ സ്വാഭിമാനത്തിന്റെ പേരില്‍ ഫൈന്‍ഷ്യല്‍ ഇന്‍ക്ലൂഷനാണ് കൊണ്ടാടപ്പെടുന്നത്. പുതുതായി അനേകം ലക്ഷങ്ങളെ ഉള്‍ച്ചേര്‍ത്തുമത്രെ. അതിനു തുനിയുന്നതിന് മുമ്പ്, ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട് ; ഇപ്പോള്‍ അകത്താക്കാന്‍ ശ്രമിക്കുന്ന ഇത്രയും പേര്‍ എങ്ങനെ ഒരിക്കല്‍ പുറത്തായി എന്ന്! മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും മുഖ്യധാരയില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയും ആണ് ചെയ്യുക. മറിച്ച് സംഭവിക്കണമെങ്കില്‍ മുതലാളിത്തംതന്നെ ഇല്ലാതാകണം. എന്നിരിക്കെ അങ്ങനെ പുറത്താക്കപ്പെട്ടവരെ അകത്താക്കാനെന്നപേരില്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണവാദികള്‍ നടത്തുന്ന ശ്രമം തന്നെ ശുദ്ധ കാപട്യമാണ്.

പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍, ചെയ്യേണ്ടത് ഇത്രയുമാണ്: വാണിജ്യ ബാങ്കുകളുടെ ഇതിനകം അടച്ചുപൂട്ടിയ ഗ്രാമീണ ശാഖകള്‍ വീണ്ടും തുറക്കുക., ഗ്രാമീണ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളുക., ബാങ്കിങ്ങ് മേഖലയില്‍ ഇപ്പോഴുള്ള ലക്ഷക്കണക്കിന് ഒഴിവുകള്‍ ഉടനെ നികത്തുക, ഈ മേഖലയിലെ കരാര്‍വല്‍ക്കരണം വേണ്ടെന്ന് വെക്കുക, ഗ്രാമീണ മേഖലയിലെ വായ്പാ സൗകര്യം ഉറപ്പാക്കുകയും കൊള്ളപ്പലിശ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. ഇതൊഴികെ ചെയ്യുന്ന മറ്റെന്തും തട്ടിപ്പാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മുഴുവന്‍ ബോധ്യപ്പെടും.

(ലേഖകന്‍ B.E.F.I യുടെ അഖിലേന്ത്യ പ്രസിഡണ്ടാണ്. ഇമെയില്‍ വിലാസം; akrameesh@yahoo.com)