എഡിറ്റര്‍
എഡിറ്റര്‍
തുംഗനാഥില്‍ നിന്ന് താവോയിലേക്കൊരു യാത്ര
എഡിറ്റര്‍
Tuesday 19th February 2013 4:40pm

അധ്യായം പതിനാറ്

അമ്മയുടെ ഗര്‍ഭാശയത്തില്‍ ശാന്തമായി ശയിക്കുന്ന ശിശുവിന്റെ അവസ്ഥയാണ് അപ്പോഴൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞത്.

“ഒന്നൊന്നായി എല്ലാറ്റിനേയും ഒഴിവാക്കുക.

മനസ്സ് നിശ്ചലമായിരിക്കട്ടെ.

അപ്പോള്‍ നൂറായിരം വസ്തുക്കള്‍ ഉണരുകയും ഇല്ലാതാകുകയും ചെയ്യും.

അവ വളര്‍ന്ന്, വിടര്‍ന്ന് ഉത്ഭവസ്ഥാനത്തേക്കു മടങ്ങും.

ഉത്ഭവസ്ഥാനത്തേക്കുള്ള മടക്കമാണ് നിശ്ചലത.

അതാണ് പ്രകൃതിയുടെ വഴി.

പ്രകൃതിയുടെ വഴി സുസ്ഥിരമാണ്

സുസ്ഥിരതയെ അറിയലാണ് ഉള്‍ക്കാഴ്ച.

അറിയാതിരിക്കല്‍ നാശത്തിലേക്കു നയിക്കും.

അനശ്വരതയറിഞ്ഞാല്‍ മനസ്സു തുറക്കും.

മനസ്സു തുറന്നാല്‍ ഹൃദയം വിടരും.

ഹൃദയം വിടര്‍ന്നാല്‍ കാരുണ്യമുണരും.

കരുണ ദൈവീകതയിലേക്കു നയിക്കും.

അതോടെ താവോയുമായി ഒന്നായിച്ചേരും.

താവോയില്‍ വിലയിക്കലാണ് അനശ്വരത.

പിന്നെ ശരീരം നശിച്ചാലും താവോ വിട്ടുപോവുകയില്ല.”

ഒരു ഏപ്രില്‍ മാസത്തിലാണ് ആദ്യമായി തുംഗനാഥിലെത്തിയത്. റോഡോ ഡെണ്‍ഡ്രോണ്‍ പൂക്കള്‍ ചുവപ്പും പിങ്കും വര്‍ണ്ണങ്ങളില്‍ മരം നിറയെ പൂത്തുവിടര്‍ന്ന പുഞ്ചിരിച്ചു നില്‍ക്കുന്നു.

പൂക്കള്‍ വീണുനിറഞ്ഞ മാര്‍ദ്ദവമാര്‍ന്ന വഴിത്താരകള്‍. മഞ്ഞിനടിയില്‍ പാതിപുതഞ്ഞു കിടക്കുന്ന പുരാതനമായ തുംഗനാഥക്ഷേത്രം. മുട്ടോളം താഴ്ന്നുപോകുന്ന പൊരിമഞ്ഞിലൂടെ ആഹ്ലാദത്തോടെ നടന്ന നിമിഷങ്ങള്‍.

തടാകക്കരയ്ക്ക് ചുറ്റും നിറഞ്ഞുപടര്‍ന്നു കിടക്കുന്ന മഞ്ഞില്‍ ചന്ദ്രിക പടരുമ്പോള്‍ കുളിര്‍നിലാവിന്റെ സൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയ അനുഭൂതിയാണ്.

ആകാശത്തു മിന്നിനിറയുന്ന നക്ഷത്രങ്ങളോട് കിന്നാരംപറഞ്ഞ് കൊടുംതണുപ്പ് വകവയ്ക്കാതെ അലഞ്ഞുതിരിഞ്ഞ രാത്രികള്‍. വാല്‍നക്ഷത്രങ്ങള്‍ കൊഴിയുന്നത് കണ്‍പാര്‍ത്ത് ദേവ്‌രിയാ താലിന്റെ തടത്തില്‍ മലര്‍ന്നുകിടന്ന മനോഹര രാത്രി.

ആ സുന്ദരമായ വിജനതയില്‍ താമസിക്കാന്‍ അന്ന് ഞാനും എന്റെ സുഹൃത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടാകക്കരയ്ക്ക് ചുറ്റും നിറഞ്ഞുപടര്‍ന്നു കിടക്കുന്ന മഞ്ഞില്‍ ചന്ദ്രിക പടരുമ്പോള്‍ കുളിര്‍നിലാവിന്റെ സൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയ അനുഭൂതിയാണ്.

ടെന്റിനു വെളിയില്‍ ആകാശംനോക്കിക്കിടക്കേ കുറുക്കനെപ്പോലൊരു ജീവി അടുത്തുവന്ന് ഞങ്ങളെ കണ്ണുമിഴിച്ചു നോക്കിനിന്നത് കൗതുകത്തോടെ ഓര്‍ത്തു പോകുന്നു. മതി, ഇത്രയും മതി ദൈവമേ എന്ന് അറിയാതെ മൊഴിഞ്ഞ രാത്രിയായിരുന്നു അത്.

Ads By Google

ഹിമാലയപ്രദേശങ്ങളില്‍, എന്തുകൊണ്ടോ ഏറെ വശീകരിച്ച ഇടമായതിനാലാകാം സുഹൃത്തുക്കളോടൊത്ത് പിന്നീട് പലപ്രാവശ്യം അവിടെ പോവുകയുണ്ടായി. ചന്ദ്രശിലയുടെ ഉച്ചിയിലിരുന്നു ഒരു ഭാഗത്ത് പരന്നുകിടക്കുന്ന ഹിമാവൃതമായ മലനിരകളെയും മറുഭാഗത്ത് തിങ്ങിനിറഞ്ഞു വിലസുന്ന വനപ്രദേശങ്ങളും പുല്‍മേടുകളും നിറഞ്ഞ ഹരിതാഭയേയും നിശ്ചലനായി നോക്കിയിരിക്കുമ്പോള്‍ സ്വഭവനത്തിലെത്തിച്ചേര്‍ന്ന പ്രതീതിയാണ്. അമ്മയുടെ ഗര്‍ഭാശയത്തില്‍ ശാന്തമായി ശയിക്കുന്ന ശിശുവിന്റെ അവസ്ഥയാണ് അപ്പോഴൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞത്.

പിന്നീടൊരിക്കല്‍ എന്നോടൊപ്പം അങ്ങോട്ടു യാത്രചെയ്ത സ്‌നേഹിതന്‍ ഋഷികേശ് മുതല്‍ തുംഗനാഥ് വരെയുള്ള സ്ഥലങ്ങള്‍ ഒരിഞ്ചുപോലും ഒഴിവാക്കാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി.

എന്നാല്‍ ചന്ദ്രശിലയുടെ ഉച്ചിയിലെത്തിയപ്പോള്‍ വിസ്മയാവഹമായ രീതിയില്‍ തന്റെ ആത്മാവിനെ വലയംചെയ്തു നില്ക്കുന്ന സൗന്ദര്യത്തിനു മുമ്പില്‍ നിശ്ചലനായിപ്പോയി. കൈയില്‍നിന്നും വീഡിയോ ക്യാമറ ഊര്‍ന്നുവീണു.

കുന്തക്കാലില്‍ മുഖമമര്‍ത്തിയിരുന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നീട് അത്യഗാധമായ ഏതോ മൗനത്തിലേക്ക് അഴിഞ്ഞുവീണു. നീണ്ടുനിവര്‍ന്ന് അനന്തതയിലേക്കു കണ്ണുംനട്ട് നിശ്ചലതയിലിരിക്കുന്ന ആ സുഹൃത്തിന്റെ ധ്യാനാത്മകമായ രൂപം എന്റെ മുമ്പില്‍ സജീവമാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement