Categories

സരിതയുടെ മൊഴി അട്ടിമറിച്ചതിന് പിന്നില്‍ എ.ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍

surendran

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍ മജിസ്‌ട്രേറ്റിന് വാക്കാല്‍ നല്‍കിയ മൊഴി അട്ടിമറിച്ചതിന് പിന്നില്‍ എ.ജിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി  നേതാവ് കെ. സുരേന്ദ്രന്‍.

എ.ജിയുടെ ജൂനിയറും ജുഡീഷ്യല്‍ അക്കാദമി അംഗവുമായ ഒരാളാണ് അട്ടിമറിക്ക് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എന്‍.വി രാജു സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണം മൊഴി നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നില്‍ എ.ജിയുടെ ജൂനിയറായിരുന്നയാളാണ്.

ഹൈക്കോടതി ഇക്കാര്യത്തില്‍ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

എ.സി.ജെ.എം എന്‍.വി രാജു സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളില്‍ നാല് തരത്തിലുള്ള വീഴ്ച സംഭവിച്ചെന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തിയത്.

പലരും തന്നെ  ലൈംഗികമായി ഉപയോഗിച്ചെന്ന് സരിത മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സരിതയുടെ പരാതി എഴുതിയെടുത്ത് സമര്‍പ്പിക്കുന്നതില്‍ നിന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കോടതി വിലക്കുകയും  ഇതിനായി അട്ടക്കുളങ്ങര സബ്‌ജെയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

കെ. സുരേന്ദ്രന്‍, ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ജയശങ്കര്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.

കൂടാതെ മാധ്യമങ്ങളില്‍  വന്ന വാര്‍ത്തകളെ സംബന്ധിച്ച് കോടതി പരാമര്‍ശം നടത്തി എന്നീ വീഴ്ചകള്‍ നടപടിക്രമത്തില്‍ ഉണ്ടായതായി രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ എന്‍ വി രാജുവിനോട് 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tagged with: |