പത്തനംതിട്ട: ശബരിമലയില്‍ ബാലവേലയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. തമിഴ്‌നാട്ടുകാരായ ഭാഗ്യരാജ്, മായാകൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

സന്നിധാനം എസ്.ഐ പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒരു കൂട്ടം കുട്ടികളെ ഒന്നിച്ചുകണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ ബാലവേലയ്ക്കായാണ് എത്തിച്ചതെന്ന് മനസിലായത്.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കും. 180 ഓളം കുട്ടികളെയാണ് ഇവര്‍ കൊണ്ടുവന്നത്. സന്നിധാനത്തെ ജോലികള്‍ക്കായാണ് കുട്ടികളെ എത്തിച്ചത്.

അതേസമയം ശബരിമലയില്‍ തീര്‍ഥാടക സംഘത്തിന് പൂപ്പല്‍ പിടിച്ച അപ്പം ലഭിച്ചത് വിവാദമായി. തിരുവനന്തപുരം കോട്ടൂരില്‍ നിന്നുള്ള സംഘത്തിനാണ് പൂപ്പല്‍ പിടിച്ച അപ്പം ലഭിച്ചത്.

ഇന്നലെ രാത്രി പതിനെട്ടാംപടിക്കു സമീപമുളള കൗണ്ടറില്‍ നിന്ന് വാങ്ങിയ അപ്പത്തിലാണ് പൂപ്പല്‍ കണ്ടത്. ദര്‍ശനത്തിന് ശേഷം തിരികെ പമ്പയിലെത്തി കുളിച്ചു കഴിഞ്ഞപ്പോള്‍ സംഘത്തിലുണ്ടായിരുന്ന കുട്ടി അപ്പം വേണമെന്ന് ആവശ്യപ്പെട്ടു.

ഇതിനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് പൂപ്പല്‍ കണ്ടത്. ആദ്യ പായ്ക്കറ്റ് ഉപേക്ഷിച്ച് രണ്ടാമത്തെ പായ്ക്കറ്റ് തുറന്നെങ്കിലും ഇതിലും പൂപ്പല്‍ പിടിച്ചിരുന്നു.

അപ്പത്തിന്റെ പുറത്താണ് വെളുത്ത നിറത്തില്‍ പൂപ്പല്‍ പിടിച്ച നിലയില്‍ കാണപ്പെട്ടത്. അപ്പത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് നേരത്തെ ദേവസ്വം മന്ത്രിയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണ്ഡല കാലം ആരംഭിച്ച ആദ്യദിനം തന്നെ പൂപ്പല്‍ പിടിച്ച അപ്പം തീര്‍ഥാടകര്‍ക്ക് ലഭിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.