എഡിറ്റര്‍
എഡിറ്റര്‍
ടിറാനോസോറുകളെ പോലും ഭയപ്പെടുത്തിയ ഒരു ദിനോസോര്‍
എഡിറ്റര്‍
Sunday 24th November 2013 8:52pm

dinosaur

പാരിസ്: ലോകത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്ന ദിനോസോറിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയതായി പാലിയന്റോളജിസ്റ്റുകളുടെ വെളിപ്പെടുത്തല്‍.

ഒന്‍പത് മീറ്റര്‍ (30  അടി) ഉയരവും നാല് ടണ്ണോളം ഭാരവുമുള്ള ഈ ദിനോസറായിരുന്നു ഏകദേശം 100 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി അടക്കി ഭരിച്ചിരുന്നത്.

സിയാറ്റ്‌സ് മീക്കറോറം എന്നാണ് പുതിയതായി കണ്ടെത്തിയ ഈ ജീവിവര്‍ഗത്തിന് പേരിട്ടിരിക്കുന്നത്. തദ്ദേശവാസികളായ അമേരിക്കക്കാരുടെ ഇതിഹാസകഥകളിലെ ഒരു ഭീകരജീവിയാണ് സിയാറ്റ്‌സ്.

അക്കാലത്തെ ജീവിവര്‍ഗങ്ങള്‍ ഭയപ്പെട്ടിരുന്ന ടിറാനോസോറുകളെ പോലും ഈ മാംസഭോജി കാല്‍ക്കീഴിലാക്കിയിരുന്നു.

ഇതിന്റെ കാലത്തിനും ഏകദേശം മുപ്പത് മില്യണ്‍ വര്‍ഷത്തിന് ശേഷമാണ് ഇന്നത്തെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വേട്ടക്കാരന്‍ എന്ന പദവി ടിറാനോസോറുകള്‍ എന്ന ടി.റെക്‌സിന് ലഭിക്കുന്നത്. ഇവയ്ക്ക് എട്ട് ടണ്ണായിരുന്നു ഭാരം.

‘ഭീമാകാരനായ വേട്ടക്കാരനായിരുന്നു ഈ ദിനോസോറുകള്‍. ടി. റെക്‌സ് മാത്രമായിരുന്നു ഇവയെക്കാള്‍ വലുതായ ജീവിവര്‍ഗം. ഒരു പരിധി വരെ വടക്കന്‍ അമേരിക്കയിലെ അക്രോകാന്തോസോറസിനെയും ഇതില്‍ ഉള്‍പ്പെടുത്താം.’ നോര്‍ത്ത് കാലിഫോര്‍ണിയയിലെ സ്‌റ്റേറ്റ്  യൂണിവേഴ്‌സിറ്റി ആന്‍ഡ് മ്യൂസിയമ ഓഫ് നാച്ചുറല്‍ സയന്‍സസിലെ ലിന്‍ഡ്‌സെ സാനോ പറയുന്നു.

2008-ല്‍ ഉട്ടായിലെ സെഡാര്‍ പര്‍വതനിരകളിലെ പാറക്കെട്ടുകളില്‍ നിന്നാണ് ഇവയുടെ ഫോസിലുകള്‍ ലഭിച്ചത്. ചിതറിപ്പോയ അസ്ഥിക്കഷണങ്ങള്‍ പാറകളില്‍ നിന്ന് വേര്‍പ്പെടുത്തി വൃത്തിയാക്കി യഥാസ്ഥാനങ്ങളില്‍ കൂട്ടിച്ചേര്‍ത്ത് വെച്ച് പഠനം നടത്താന്‍ രണ്ട് വര്‍ഷമെടുത്തു.

വടക്കന്‍ അമേരിക്കയുടെ ദിനോസോര്‍ യുഗത്തിലെ ശൂന്യമായിരുന്ന 30 മില്യണ്‍ വര്‍ഷങ്ങള്‍ക്കാണ് ഇതിലൂടെ ഉത്തരം ലഭിച്ചിരിക്കുന്നത്. ഇക്കാലത്താണ് ഏറ്റവും മുകളിലുള്ള വേട്ടക്കാരന്‍ എന്ന പദവി കാര്‍ക്കറോദോന്തോസോറിയനുകളുടെ പക്കല്‍ നിന്നും ടിറാനോസോറുകളിലേയ്ക്ക് എത്തുന്നത്. ഇതിന്റെ കാരണം ഇന്നും നിഗൂഢമാണ്.

ഭൂമി നിറയെ പച്ചപ്പ് നിറഞ്ഞതായിരുന്നു. ഇരകളും ധാരാളമുണ്ടായിരുന്നു. ഇത് മാംസഭോജികള്‍ക്ക് വളരാന്‍ മികച്ച സാഹചര്യമൊരുക്കി.

പക്ഷേ ടിറാനോസോറുകള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. സിയാറ്റുകളുടെ ആധിപത്യമായിരുന്നു കാരണം. ‘അന്നത്തെ ടിറാനോസോറുകള്‍ സിയാറ്റുകളെ സംബന്ധിച്ചിടത്തോളം ശല്യങ്ങള്‍ മാത്രമായിരുന്നു. സിഹം ഇര തേടുന്നതുനിടയില്‍ വന്നുപെടുന്ന കുറുക്കന്‍മാരെ പോലെ’  സാനോ വെളിപ്പെടുത്തി.

കാര്‍ക്കറോദോന്തോസോറിയനുകളുടെ പിന്‍വാങ്ങലാണ് ടി.റെക്‌സുകളുടെ വളര്‍ച്ചയ്ക്ക് കാരണമായത്.

നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേര്‍ണലിലാണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisement