ലക്‌നൗ: ഉയര്‍ന്ന ജാതിക്കാരിയുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ കൊലപ്പെടുത്തി. യു.പിയിലെ ബുലന്ദഷഹര്‍ ജില്ലയിലെ ഖേതാല്‍പൂര്‍ ബന്‍സോലിയിലാണ് സംഭവം.

ഒക്ടോബര്‍ 15നാണ് സംഭവം. വീടുകള്‍ തോറും കയറി ചവറുശേഖരിക്കുന്ന ജോലി ചെയ്യുകയാണ് സാവിത്രി ദേവിയെന്ന ദളിത് യുവതി. ഒരു വീട്ടില്‍ ചവറുശേഖരിക്കാന്‍ എത്തിയവേളയില്‍ സമീപത്തുണ്ടായിരുന്ന ഒരു റിക്ഷയില്‍ തട്ടി ബാലന്‍സ് തെറ്റി സാവിത്രി വീഴുകയായിരുന്നു. ഇതിനിടയില്‍ ആ വീട്ടിലെ ബക്കറ്റ് അറിയാതെ തട്ടിപ്പോയി.

ഇതിനു പിന്നാലെ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജുയെന്ന യുവതി സാവിത്രി ബക്കറ്റ് അശുദ്ധമാക്കിയെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.


Also Read:‘ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുകയും മുമ്പ് കാര്യമെന്തെന്ന് അന്വേഷിക്കണം’; സുരേന്ദ്രന് മറുപടിയുമായി മിനി കൂപ്പര്‍ ഉടമ ഫൈസല്‍ കാരാട്ട്


‘യുവതിക്കുനേരെ പാഞ്ഞടുത്ത അഞ്ജു തുടര്‍ച്ചയായി വയറ്റില്‍ കുത്തുകയും തലപിടിച്ചുവലിച്ച് ചുവരില്‍ ഇടിക്കുകയും ചെയ്തു. ബക്കറ്റ് അശുദ്ധമാക്കിയെന്ന് അവര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. പിന്നീട് അഞ്ജുവിന്റെ മകന്‍ റോഹിതും ഒപ്പം കൂടി സാവിത്രിയെ വടിയെടുത്ത് മര്‍ദ്ദിക്കാന്‍ തുടങ്ങി. ‘ സാവിത്രിയുടെ അയല്‍വാദിയും അക്രമത്തിനു സാക്ഷിയുമായ കമലാദേവി പറയുന്നു.

ഗുരുതരമായി പരുക്കേറ്റ സാവിത്രി ആറുദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ‘തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരുക്കേറ്റ സാവിത്രിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നല്ല ചികിത്സ ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദിലീപ് കുമാര്‍ ആരോപിക്കുന്നു. ‘ആക്രമിക്കപ്പെട്ട അന്നു തന്നെ ഞാനവളെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ അവളെ കാണാന്‍ തന്നെ വിസമ്മതിച്ചു. ബാഹ്യ രക്തസ്രാവമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞ് അവര്‍ തിരിച്ചയച്ചു. ഞാനവളെ വീട്ടില്‍ കൊണ്ടുവന്ന് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവള്‍ നല്ല തലവേദവും വയറുവേദനയുമുണ്ടെന്ന് പറഞ്ഞിരുന്നു.’ അദ്ദേഹം പറയുന്നു.

സാവിത്രിയെ മര്‍ദ്ദിച്ചതിനെക്കുറിച്ച് അഞ്ജുവിന്റെ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് പറയുന്നു.

ഒക്ടോബര്‍ പതിനെട്ടു കൊട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പക്ഷേ ഇതുവരെ അവര്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.