എഡിറ്റര്‍
എഡിറ്റര്‍
ബാദല്‍ സര്‍ക്കാരിന്റെ സോഷ്യലിസ്റ്റ് അരങ്ങും കേരളത്തിന്റെ കോര്‍പ്പറേറ്റ് അരങ്ങും
എഡിറ്റര്‍
Thursday 22nd November 2012 6:06am

കേരളത്തിലെ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ നടക്കുന്നത് ഇത്തരം മഹത്തായ സ്വപ്‌നങ്ങള്‍ക്ക് എതിരെയുള്ള വേട്ടയാണ്. സാഹിത്യകാരന്‍മാരില്ലാത്ത സാഹിത്യ അക്കാദമിയും നാടകക്കാരനില്ലാത്ത സംഗീത നാടക അക്കാദമിയും നാടന്‍കലാകാരന്‍മാര്‍ ഇല്ലാത്ത ഫോക്‌ലോര്‍ അക്കാദമിയും കച്ചവട ചലച്ചിത്രകാരന്‍മാര്‍ ഭരിക്കുന്ന ചലച്ചിത്ര അക്കാദമിയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്


എസ്സേയ്‌സ് / ശ്രീജിത്ത് പൊയില്‍ക്കാവ്

അരങ്ങിന്റെ സ്വത്വാന്വേഷണം ഭാരതീയ നാടകവേദിയില്‍ ആരംഭിച്ചിട്ട് അഞ്ചോളം ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ 1967 ല്‍ ശാസ്താംകോട്ട വെച്ച് നടന്ന നാടക കളരി പ്രസ്ഥാനം ആയിരുന്നു മലയാള നാടകവേദിയുടെ സ്വത്വം അന്വേഷിച്ചത്. ജി.ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, സി.എന്‍ ശ്രീകണ്ഠന്‍ നായര്‍, പി.കെ വേണുകുട്ടന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു നാടകകളി.

Ads By Google

ഈ കളരിയില്‍  നിന്നാണത്രെ ആദ്യത്തെ തനത് നാടകമായിരുന്ന ‘കലി’ പിറവി കൊള്ളുന്നത്. അതിന് ശേഷം കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ നിരവധി തനത് നാടകങ്ങള്‍ പിറവി കൊണ്ടു. പക്ഷേ ഇതിലൊന്നും മലയാളിയുടെ യഥാര്‍ത്ഥ തനത് സംസ്‌ക്കാരം ഉണ്ടായിരുന്നില്ല.

കാവാലത്തിന്റെ മിക്ക നാടകങ്ങള്‍ക്കും സവര്‍ണ ഉത്സവാചാരങ്ങളെ മാത്രമേ അനുസ്മരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ എന്നതും മലയാളിയുടെ നാടകശീലങ്ങളില്‍ കോര്‍പ്പറേറ്റ് സങ്കല്‍പ്പങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഇടം നല്‍കി എന്നതുകൊണ്ടും മലയാളത്തിലെ ആദ്യ കോര്‍പ്പറേറ്റ് നാടകമായി കാവാലത്തിന്റെ കണക്കാക്കാന്‍ കഴിയുന്നു.

കൂടിയാട്ടവും ശാസ്ത്രീയ സംഗീതവും നൃത്തച്ചുവടുകളും കൊണ്ട് കാവാലം മലയാളത്തിന്റെ തനത് നാടകങ്ങളെ തേടിയപ്പോള്‍ യഥാര്‍ത്ഥ ‘തനത്’ നാടകങ്ങള്‍ അരങ്ങേറിയത് ഗ്രാമീണ അരങ്ങുകളിലായിരുന്നു.

ഗ്രാമീണ അരങ്ങുകളില്‍ അവതരിപ്പിക്കപ്പെട്ട ശക്തമായ വെള്ളരി നാടകങ്ങളെ ചരിത്രത്തിന് പുറത്ത് നിര്‍ത്തുക എന്ന ‘ഹൈജാക്കിങ്’ തന്ത്രവും കാവാലം നാടകങ്ങളില്‍ ഉണ്ടായിരുന്നു. കളരി പ്രസ്ഥാനത്തില്‍ മലയാളത്തിന്റെ സ്വത്വ നാടകവേദി അന്വേഷിച്ചവര്‍ക്കൊന്നും ഭൂരിഭാഗം വരുന്ന സാധാരണക്കാരന്റെ അരങ്ങിനെ കണ്ടെത്താന്‍ ശ്രമിക്കാതെ പോയതും കളരി പ്രസ്ഥാനത്തിന്റെ പ്രതിലോമത വെളിവാക്കുന്നുണ്ട്.

അറുപതുകള്‍ക്ക് ശേഷമുള്ള ഭാരതീയ നാടകവേദി പലപ്പോഴും ‘indiannes In Indian Theatre’ (ഭാരത നാടകവേദിയിലെ ഭാരതീയത) എന്ന പേരില്‍ അന്വേഷിച്ചത് ഭാരതീയ ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയെന്നോണം സവര്‍ണ ഹൈന്ദവ നാടകവേദി തന്നെയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ നാടകവേദിയിലെ തനത് നാടക വേദിക്കും സംഭവിച്ചത്.

ഈ അന്വേഷണങ്ങള്‍ക്ക് ബദലായിരുന്നു ബാദല്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്നാം നാടക വേദി( Third Theatre) മൂന്നാം നാടകവേദിയെന്ന സങ്കല്‍പ്പം തന്നെ ഇന്ന് ഉടലെടുത്തുകൊണ്ടിരിക്കുന്ന ആഗോളവത്ക്കരണ കാലത്തെ അരങ്ങിന് മറുപടിയാണ്. എല്ലാ കെട്ടുകാഴ്ചകള്‍ക്കപ്പുറവും നടന്റെ ശരീരമാണ് നാടകത്തിലെ ശക്തമായ ഉപകരണമെന്നും അത് രാഷ്ട്രീയപരമായി സാമൂഹ്യ നവോത്ഥാനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് മൂന്നാം നാടകവേദിയുടെ ആഹ്വാനം.

തികച്ചും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പകര്‍ന്ന് ബാദല്‍ സര്‍ക്കാരിന്റെ നാടക ചിന്തകള്‍ വീണ്ടും അവതരിപ്പിക്കപ്പെടേണ്ടതിന്റെ അനിവാര്യത വെളിവാക്കുന്ന ഒരു ശക്തമായ രംഗാവതരണത്തെപ്പറ്റിയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്.അടുത്ത പേജില്‍ തുടരുന്നു

Advertisement