കൊച്ചി: ടൂറിസം മേഖലയിലെ നിക്ഷേപകരും സംരംഭകരും സേവനദാതാക്കളും പങ്കെടുക്കുന്ന കേരള ട്രാവല്‍മാര്‍ട്ടിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. അസുഖബാധിതനായി വിശ്രമിക്കുന്ന മുഖ്യമന്ത്രി സന്ദേശത്തിലൂടെയാണ് ബിസിനസ്സ് മീറ്റ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്.

Ads By Google

കേരളം നാനാദിശകളിലൂടെ വളരുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് ചടങ്ങില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിരുന്നിട്ടും, സ്‌റ്റേറ്റ് കാര്‍ ആയിരുന്നിട്ടും അവിടെ ടോള്‍ കൊടുക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റിയുടേയും സംസ്ഥാന സര്‍ക്കാരിന്‍േറയും ആഭിമുഖ്യത്തില്‍ നാല് ദിവസത്തെ സംഘമമാണ് നടക്കുക.  സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറ് പ്രതിനിധികളടക്കം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ ഓരോ പൗരനും ടൂറിസത്തിന്റെ പ്രോത്സാഹനത്തിനു സംഭാവന നല്‍കാന്‍ കഴിയുമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വിവിധ മേഖലകളെ ഏകോപിപ്പിക്കുന്ന സംയോജിത വികസന മാതൃകയില്‍ ടൂറിസത്തിനു സുപ്രധാന പങ്കാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.