ന്യൂദല്‍ഹി: അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച വിദ്യാബാലന്‍ ഇനി സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവും. സര്‍ക്കാരിന്റെ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായുള്ള നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംസാസഡറായി വിദ്യയെ നിയമിച്ചിരിക്കുകയാണ്.

ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് വിദ്യ. അതിനാല്‍ ഈ പദ്ധതിക്കു കൂടുതല്‍ പ്രചാരം ലഭിക്കാന്‍ വിദ്യയ്ക്കു കഴിയുമെന്നു ഗ്രാമവികസനമന്ത്രി ജയ്‌റാം രമേശ് പറഞ്ഞു.

ഇതു തനിക്കു ലഭിക്കുന്ന അംഗീകാരമാണെന്നു വിദ്യാ ബാലന്‍ പ്രതികരിച്ചു. രാഷ്ട്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള മഹത്തായ അവസരമാണ് ഇത്. ഇതൊരു വലിയ ബഹുമതിയായി കരുതുന്നു. കഴിയാവുന്ന വിധത്തില്‍ ഈ പദ്ധതിയുമായി സഹകരിക്കുമെന്നും വിദ്യ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ശുചീകരണ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം വിദ്യ രംഗത്തുണ്ടാവും. ടോയ്‌ലറ്റുകള്‍ നിര്‍മിക്കേണ്ടതിന്റെയും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന ഒരു പരസ്യചിത്രത്തില്‍ വിദ്യഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് ജയറാം രമേശ് അറിയിച്ചു.

2010 യുനിസെഫും, ലോകാരോഗ്യസംഘടനയും സംയുക്തമായ സംഘടിപ്പിച്ച പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1.1 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ 60%വും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് പൊതുസ്ഥലത്താണ്. പൊതുസ്ഥലം ശൗചാലയമായി ഉപയോഗിക്കുന്ന ലോകത്തുള്ള ആകെ ആളുകളില്‍ 58% ഇന്ത്യയിലാണ്.

Malayalam News

Kerala News in English