എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാക്കളെ നടുറോഡില്‍ പാഠം പഠിപ്പിച്ചതിന് സ്ഥലം മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ‘മാസ് എന്‍ട്രി’ നല്‍കാന്‍ ഒരുങ്ങി ബഹ്രായിച്ച് ജില്ലക്കാര്‍
എഡിറ്റര്‍
Tuesday 4th July 2017 9:37pm

നോയിഡ: ബ്.ജെ.പി നേതാക്കന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട വനിത പൊലീസ് ഓഫീസര്‍ ശ്രേഷഠ താക്കൂര്‍ അതിര്‍ത്തി ജില്ലയായ ബഹ്രായിച്ചിലെത്തുന്നത് ഹീറോയായിട്ടാണ്. ശ്രേഷ്ഠയുടെ വരവോടെ ജില്ലയിലെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്നാണ് നിരവധിയാളുകള്‍ പ്രതീക്ഷിക്കുന്നത്.

ബുലന്ദ്ഷഹറില്‍ നിന്നുമാണ് ശ്രേഷ്ഠ സ്ഥലം മാറ്റപ്പെട്ടത്. ബി.ജെ.പി നേതാക്കളെ നടുറോഡില്‍ പാഠം പഠിപ്പിച്ചതിനു പിന്നാലെയായിരുന്നു ശ്രേഷ്ഠയ്‌ക്കെതിരെ പ്രതികാര നടപടിയെന്ന നിലയില്‍ സ്ഥലം മാറ്റം വരുന്നത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറിയ ബി.ജെ.പി നേതാക്കള്‍ക്ക് ചുട്ടമറുപടി കൊടുക്കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഉദ്യോഗസ്ഥയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമായിരുന്നു.

വ്യാഴാഴ്ച്ചയായിരിക്കും ശ്രേഷ്ഠ ചുമതലയേറ്റെടുക്കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെപ്യൂട്ടി സൂപ്രണ്ടായാണ് ചുമതലയേല്‍ക്കുക.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശ്രേഷ്ഠ ശക്തമായി നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാര്‍ത്ഥിനിയായ സോണിയ പറയുന്നു. ഇവരെപ്പോലൊരു ധീരയായ വനിത പൊലീസ് ഉദ്യോഗസ്ഥ ജില്ലയിലെത്തുന്നു എന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് സ്‌കൂള്‍ ടീച്ചറായ രഷ്മി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ശ്രേഷ്ഠയെ പോലുള്ള ഉദ്യോഗസ്ഥര്‍ സിനിമയില്‍ മാത്രമേ കാണാറുള്ളുവെന്നും അവരുടെ ധീരതയ്ക്ക് നഗരത്തിലെ സ്ത്രീകളെല്ലാം കയ്യടിക്കുന്നുണ്ടെന്നും സാമൂഹ്യ പ്രവര്‍ത്തകനായ രഞ്ജീത ശ്രീവാത്സവ പറയുന്നു. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു റോള്‍ മോഡലായാണ് ശ്രേഷ്ഠയെ കാണുന്നതെന്നാണ് ദേഹത് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ജിതേന്ദ്ര ചതുര്‍വേദിയുടെ പ്രതികരണം.

ജൂണ്‍ 22 നായിരുന്നു ബി.ജെ.പിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസിനെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഇറങ്ങുകയും ചെയ്തു.

എന്നാല്‍ സംഭവ സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ഠാ താക്കൂര്‍ പ്രവര്‍ത്തകര്‍ക്ക് കണക്കിന് മറുപടി നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisement