Categories

അയ്യപ്പന്റെ അര്‍ത്ഥാന്വേഷണങ്ങള്‍

A AYYAPPAN THE POET OF STREETS


പി.കെ.സുരേഷ്‌കുമാര്‍ / സാഹിത്യം

P K SURESHKUMAR

ഇതൊന്ന് ഭാഷാന്തരം ചെയ്തു തരാമോ
ഒരാള്‍ ഒരു കടലാസ് തന്നു.
ആ കയ്യെഴുത്തിന്
മിന്നല്‍പ്പിണരുകളുടെ വേഗം.
ഇത് വായിച്ചെടുക്കുന്നവന്
ഇടിവെട്ടേല്‍ക്കാം
ഏത് നിമിഷവും.
(സൂചന)

കെട്ടുപൊട്ടിയ ജീവിതത്തെ യുക്തിഭദ്രമായ സാഹിത്യംകൊണ്ട് അടയാളപ്പെടുത്താമെന്ന് അയ്യപ്പന്‍ വിശ്വസിച്ചില്ല. എഴുത്തച്ഛനും ആശാനും ചങ്ങമ്പുഴയും ഇടശ്ശേരിയുമെല്ലാം ആ മനസ്സില്‍ കൂടുകെട്ടിയിരുന്നു. എങ്കിലും, മറികടക്കേണ്ട എതിര്‍പാഠമായാണ് പാരമ്പര്യത്തെ അദ്ദേഹം ഉള്‍ക്കൊണ്ടത്.

അയ്യപ്പന്റെ ശബ്ദകോശത്തില്‍ അച്ചടക്കം അശ്ലീലപദമായി. പ്രതീകകല്പനയാകാന്‍ തയ്യാറായി ഏതു വാക്കും ആ കവിതയിലണിചേര്‍ന്നു; സംബന്ധമില്ലാത്ത വാക്കുകള്‍ സഹവാസത്തിനായി മത്സരിച്ചു; പുതുതായി കിട്ടിയ അര്‍ത്ഥങ്ങളെയോര്‍ത്ത് വാക്കുകള്‍ ആവേശംകൊണ്ടു. വാക്കുകള്‍ യാഥാര്‍ത്ഥ്യപ്രതിനിധാനങ്ങളായിരിക്കുമ്പോഴും സന്ദര്‍ഭമാണ് അവയില്‍ അര്‍ത്ഥം നിറയ്ക്കുന്നതെന്ന് ആ കവിതകള്‍ എപ്പോഴും വിളിച്ചുപറഞ്ഞു.

വീഞ്ഞുകൊണ്ട് ശരീരത്തെയും ബിംബംകൊണ്ട് കവിതയെയും തുടര്‍ച്ചയായ ഉന്മാദത്തില്‍ നിര്‍ത്തി അയ്യപ്പന്‍. ഭൂമിയിലേക്കിറങ്ങിവന്ന വിരളമായ ഇടവേളകളില്‍ എന്തായിരിക്കാം അയ്യപ്പന്‍ ചിന്തിച്ചത്?

അയ്യപ്പന്‍ ഒടുവില്‍ അത്ഭുതമൊന്നും കാണിച്ചില്ല. മാളമില്ലാത്ത പാമ്പ് വഴിയോരത്തവസാനിച്ചു. അര്‍ത്ഥമാരാഞ്ഞ നിശ്ശബ്ദനിലവിളിയായിരുന്നു ആ ജീവിതം. വാക്കുകള്‍ കവിതയിലും, നീട്ടിയ കൈകള്‍ തെരുവിലും അര്‍ത്ഥത്തിനുവേണ്ടിയലഞ്ഞു. ഇല്ലായ്മകൊണ്ട് ലോകത്തെ അളക്കുകയായിരുന്നു അയ്യപ്പന്‍.

ഉടഞ്ഞ കണ്ണാടിയില്‍ സ്വയം കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അയ്യപ്പന്‍ കവിതയെഴുതി. ‘ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍’ എന്ന് കവിതയ്ക്ക് പേരിടുമ്പോള്‍ അത് തന്റെ ആത്മകഥയുടെകൂടി പേരാകണമെന്ന് അയ്യപ്പന്‍ ആഗ്രഹിച്ചിരിക്കാം. അനാഥത്വവും പ്രണയനഷ്ടവും ആസക്തികളും സന്ദേഹങ്ങളും ഉല്‍ക്കണ്ഠകളും വിശ്വാസരാഹിത്യവും ആത്മപീഡനവ്യഗ്രതയുംകൊണ്ട് കറുത്തുപോയ ക്യാന്‍വാസിലാണ് അദ്ദേഹം തന്നെത്തന്നെ വരച്ചിട്ടത്.

ഏതിന്റെയെങ്കിലും തുടര്‍ച്ചയായില്ല കാവ്യചരിത്രത്തില്‍ അയ്യപ്പന്‍. ഘടനയുടെ അനിയതത്വംകൊണ്ട് അനുകര്‍ത്താക്കള്‍ക്ക് അയ്യപ്പനാകാനുമായില്ല. മൂല്യവിചാരങ്ങളെയും കാഴ്ചശീലങ്ങളെയും ചിതറിയ രൂപകങ്ങളിലൂടെ പുതുക്കിപ്പണിതുകൊണ്ട് കവിതയില്‍ ഒറ്റമരംപോലെ അയ്യപ്പന്‍ നിന്നു; ഒറ്റപ്പെടുത്തിയ ലോകത്തെ നിഷേധംകൊണ്ട് നേരിട്ടു; അവഗണന ആഭരണമായണിഞ്ഞു. ധിക്കാരത്തിന്റെ പോര്‍വീര്യമല്ല വീണുപോയവന്റെ വിലാപസ്വരമാണ് അയ്യപ്പന്റെ വരികളില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

”സുഷുമ്‌നയില്‍ കൊത്താനാഞ്ഞ സര്‍പ്പം കവിതയുടെ മകുടിയൂത്ത് കേട്ട് തിരിച്ചുപോകുന്നു” എന്നെഴുതാവുന്നതരത്തില്‍ കവിതയെ അത്രമേല്‍ വിശ്വാസമായിരുന്നു അയ്യപ്പന്. വാഴ്ചയെയും വീഴ്ചയെയും പുതിയ തറയില്‍നിന്ന് കാണണമെന്ന് ആ വരികള്‍ ഓര്‍മ്മിപ്പിച്ചു.

നിലനില്‍പ്പിനെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ തന്നെയായിരിക്കണം ആ വരികളില്‍ അര്‍ത്ഥസന്ദിഗ്ദ്ധതകളായി വേഷം മാറിയെത്തിയിരുന്നത്. വീഞ്ഞുകൊണ്ട് ശരീരത്തെയും ബിംബംകൊണ്ട് കവിതയെയും തുടര്‍ച്ചയായ ഉന്മാദത്തില്‍ നിര്‍ത്തി അയ്യപ്പന്‍. ഭൂമിയിലേക്കിറങ്ങിവന്ന വിരളമായ ഇടവേളകളില്‍ എന്തായിരിക്കാം അയ്യപ്പന്‍ ചിന്തിച്ചത്?

വീടുപേക്ഷിച്ച കുട്ടിയോടൊത്ത്…


അയ്യപ്പന്റെ ലഹരിപൂത്ത ജീവിതം


എന്റെ ശവപ്പെട്ടിചുമക്കുന്നവരോട് എ അയ്യപ്പന്‍

‘പല്ല്’ മരണത്തിന്റെ തൊട്ട് മുമ്പ് അയ്യപ്പനെഴുതിയ കവിത

അയ്യപ്പനില്‍നിന്നും രക്ഷപ്പെടാന്‍ ഇനി നമുക്കാവില്ല

Tagged with:

3 Responses to “അയ്യപ്പന്റെ അര്‍ത്ഥാന്വേഷണങ്ങള്‍”

  1. ശുംഭന്‍

    “സുഷുമ്‌നയില്‍ കൊത്താനാഞ്ഞ സര്‍പ്പം” മണ്ണാങ്കട്ട.

  2. yakoob

    ലേഖനം നന്നായി. അയ്യപ്പന്‍ എല്ലായിടത്തും തന്നെ അടയാളപെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കുറിപും ദ്തുപോലെയോന്നു തന്നെയാണ് .

  3. moha

    നീ ചത്തത് നന്നായി. അല്ലെങ്കില്‍ നിന്നെ നീയാക്കിയ തെരുവില്‍ നിന്റെ കവിതകളുടെ കന്നെരിഞ്ഞു പോട്ടിക്കുനത് നീ കാണേണ്ടി വന്നേനെ എന്റെ കൂടപിരപ്പേ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.