തിരുവനന്തപുരം: കവി എ അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ അര്‍ധ രാത്രി പരിക്കുകളോടെ അയ്യപ്പനെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്നീട് ആശുപത്രിയില്‍ മരിച്ച അയ്യപ്പനെ ജീവനക്കാര്‍ക്ക് തിരിച്ചറിയാനായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായിരുന്ന അയ്യപ്പന് അടുത്തിടെ അസുഖം ഭേദമായിരുന്നു. മൃതദേഹം അല്‍പ സമയത്തിനകം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്‌കാരം അയ്യപ്പനായിരുന്നു ലഭിച്ചത്. പുരസ്‌കാരം വാങ്ങാനായി അയ്യപ്പന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടതായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ അയ്യപ്പനെ പോലീസ് ഫ്‌ളൈയിങ് സ്‌ക്വാഡാണ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ചയായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

1949ല്‍ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തെ ബാലരാമപുരത്താണ് അയ്യപ്പന്റെ ജനിച്ചു.കവിയുടെ ബാല്യത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു. പീന്നീട് സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു ജീവിതം.

കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പര്യം തോന്നിയ അയ്യപ്പന്‍ കുറച്ചുകാലം ജനയുഗം പ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്ഷരം മാസികയുടെ പത്രാധിപരും പ്രസാധകനുമായി. അനുഭവങ്ങളുടെ പരിഭാഷയാണ് അയ്യപ്പന്റെ കവിതകള്‍.

ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാ സമാഹാരമായിരുന്നു ആദ്യ രചന. മാളമില്ലാത്ത പാമ്പ്, കറുപ്പ്, ബുദ്ധനും ആട്ടിന്‍ കുട്ടിയും, വെയില്‍ തിന്നുന്ന പക്ഷി, ബലിക്കുറിപ്പുകള്‍, ഗ്രീഷ്മവും കണ്ണീരും, കുഷ്ഠരോഗ ആസ്പത്രിയിലെ ദിനങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.