എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരങ്ങളിലെ 44 ശതമാനം വോട്ട് എ.എ.പിക്ക്: ടൈംസ് സര്‍വേ
എഡിറ്റര്‍
Friday 10th January 2014 1:43am

aam-aadmi-party

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നഗരങ്ങളില്‍ നിന്ന് 44 ശതമാനം വോട്ട് നേടുമെന്ന് സര്‍വേ.

ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം പ്രധാനമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെക്കാളും ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ ആണ്.

മൂന്നാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്.

ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുനെ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. ആഗോള വിപണി ഗവേഷണ ഏജന്‍സിയായ ഐ.പി.എസ്.ഒ.എസുമായി ചേര്‍ന്നാണ് ടൈംസ് ഓഫ് ഇന്ത്യ സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്നും 26 മുതല്‍ 50 വരെ സീറ്റുകള്‍ എ.എ.പി നേടുമെന്നാണ് അഭിപ്രായപ്പെട്ടത്. 51 മുതല്‍ 100 സീറ്റുകള്‍ നേടുമെന്ന് 26 ശതമാനം പറഞ്ഞു.

നൂറിലധികം സീറ്റുകള്‍ എ.എ.പി നേടുമെന്നാണ് 11 ശതമാനം പേര്‍ കരുതുന്നത്. എന്നാല്‍ എ.എ.പി ഭൂരിപക്ഷം നേടുമെന്ന് കരുതുന്നവര്‍ 5 ശതമാനം മാത്രമാണ്. തങ്ങളുടെ മണ്ഡലത്തില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ വോട്ട് അവര്‍ക്കായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്നത് 44 ശതമാനം പേരാണ്. സ്ഥാനാര്‍ത്ഥിയെ നോക്കി ചിലപ്പോള്‍ മാത്രമേ എ.എ.പിക്ക് വോട്ട് ചെയ്യൂ എന്ന് 27 ശതമാനം പറയുന്നു.

മോഡിയെ പ്രധാനമന്ത്രിയായി ഇഷ്ടപ്പെടുന്നവര്‍ 58 ശതമാനമാണ്. 25 ശതമാനം കെജ്‌രിവാളിനെയും. 14 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ മോഡിയെക്കാളും കെജ്‌രിവാളിനോടാണ് പ്രിയം. മോഡിയുടെ സ്വന്തം നാടായ അഹ്മദാബാദില്‍ പോലും 31 ശതമാനം പേര്‍ കെജ്‌രിവാളിനെ പിന്തുണക്കുന്നു.

എ.എ.പി പ്രഭാവം മൂലം ഏറ്റവും നഷ്ടമുണ്ടാവുക ബി.ജെ.പിക്കാണെന്ന് 31 ശതമാനം കരുതുന്നു. എ.എ.പി കോണ്‍ഗ്രസിന് ആഘാതമാകുമെന്ന് വിശ്വസിക്കുന്നത് 26 ശതമാനം പേരാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആഘാതമാകുമെന്ന് വിശ്വസിക്കുന്നവരും 26 ശതമാനമാണ്.

ചെന്നൈയില്‍ ഏറ്റവും സ്വാധീനമുള്ള രണ്ട് പ്രധാന പ്രാദേശിക പാര്‍ട്ടികള്‍ക്കും എ.എ.പി കനത്ത ആഘാതമാകുമെന്ന് 44 ശതമാനം പേരും വിശ്വസിക്കുന്നു.

എ.എ.പിയുടെ ഭാവിയെക്കുറിച്ചും സര്‍വേ സൂചിപ്പിക്കുന്നുണ്ട്. എ.എ.പി മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണെന്നു മാത്രമല്ല, അവര്‍ ഈ പാതയില്‍ തന്നെ തുടരുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതി പേരും വിശ്വസിക്കുന്നത്.

എ.എ.പിയുടെ ജനകീയമായ നടപടികള്‍ കാരണം മറ്റു പാര്‍ട്ടികളും തങ്ങളുടെ നയങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാകുമെന്ന് 24 ശതമാനം വിശ്വസിക്കുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്യസന്ധമായ ശ്രമങ്ങള്‍ നടത്തുന്നതിനാലാണ് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും എ.എ.പിയെ ഇഷ്ടപ്പെടുന്നത്.

Advertisement