trade-centre-attack2001 9/11 ചരിത്രത്തിലെ വഴിയടയാളമാണ്. ലോകം അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്രമണ മുഖം തുറന്ന് അമേരിക്കന്‍ അധികാരത്തിന്റെ പ്രതീകങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും നേരെ വിമാനാക്രമണം നടന്നിട്ട് എട്ട് വര്‍ഷം തികയുന്നു. ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക ഭീകതക്കെതിരായ യുദ്ധം പ്രഖ്യാപിക്കുന്നു. 2001ല്‍ അഫ്ഗാന്‍, 2003ല്‍ ഇറാഖ്. ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുക- അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. അമേരിക്കയുടെ കൂടെ നില്‍ക്കാത്തവരെ തെമ്മാടി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നടക്കുന്ന യുദ്ധം അമേരിക്കയും ഇസ്ലാമും തമ്മിലാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. നാഗരികതകള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വിശേഷിപ്പിക്കപ്പെട്ടു. ലോകം കൂടുതല്‍ കറുത്തു. ഭീകരതക്കെതിരെ യുദ്ധം കൂടുല്‍ ഭീകരരെ സൃഷ്ടിച്ചു.

ലോകം മുഴുവന്‍ വെറുക്കപ്പെട്ട ബുഷിന് പകരം പിന്നീട് ഒബാമ വൈറ്റ്ഹൗസിലെത്തി. കൈറോയില്‍ വെച്ച് ചരിത്ര പസിദ്ധമായ പ്രഭാഷണത്തില്‍ അമേരിക്കയും ഇസ്ലാമും തുറന്ന സംഭാഷണം നടത്തണമെന്ന് ഒബാമയുടെ പ്രഖ്യാപനമുണ്ടായി. ചരിത്രം വീണ്ടും കറങ്ങിത്തിരിയുന്ന സമയത്താണ് 9/11 വീണ്ടുമെത്തുന്നത്. ട്രേഡ്‌സെന്റര്‍ ആക്രണത്തിന് പിന്നില്‍ ഇസ്ലാമിക് ജിഹാദി സംഘടനയാണെന്നായിരുന്നു അമേരിക്ക ആരോപിച്ചത്. സെപ്തംബര്‍ 11ന് ശേഷം ഇസ്ലാമിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നു. ഇസ്ലാം ആക്രമണത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. അമേരിക്ക ആക്രമിക്കപ്പെടുന്നുവെന്നതിലുപരി ആക്രണം നടത്തുന്നത് ഇസ്ലാമിന്റെ പേരിലാകുന്നുവെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. ലോകത്ത് മുഴുവന്‍ ഭീതി വിതക്കുകയും സാമ്പത്തികം രാഷ്ട്രീയവുമായ ചൂഷണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ലോകം മുഴുവന്‍ അമേരിക്ക സൃഷ്ടിക്കുന്ന കെടുതികള്‍ അനുഭവിക്കുമ്പോള്‍ എന്ത്‌കൊണ്ട് ഇസ്ലാം മാത്രം അസ്വസ്ഥമാകുന്നുവെന്നത് ചോദ്യമായി ഉയരേണ്ടതാണ്.

ഫലസ്തീന്‍ ഇസ്ലാമിക ലോകത്തിന്റെ വികാരമാണ്. സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും അവിടെ മറ്റൊരു രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്തത് മുസ്ലിം ലോകത്ത് ഉണങ്ങാത്ത് മുറിവായി ഇപ്പഴും നിലനില്‍ക്കുന്നു. ഇസ്രായേലിന് എല്ലാവിധ സഹായവും നല്‍കുന്ന അമേരിക്ക ഇസ്ലാമിസ്റ്റുകളുടെ ശത്രുവായി മാറുകയായിരുന്നു.

മറ്റൊന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ ഇടപെടലാണ് വര്‍ഷങ്ങളായി തന്ത്രപരമായ പല നീക്കങ്ങളിലൂടെയും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അമേരിക്ക നിര്‍ണായകമായ ഇടപെടല്‍ നടത്തുന്നുണ്ട്. മുസ്ലിം രാഷ്ട്രങ്ങളെ സാംസ്‌കാരികമായി തകര്‍ക്കാന്‍ അമേരിക്ക സാംസ്‌കാരിക അധിനിവേശവും നടത്തുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഒന്നാം ഇറാഖ് യുദ്ധം ഇതിന്റെ ഭാഗമാണ്. കുവൈത്ത്, ഇറാഖ് തര്‍ക്കത്തില്‍ ഇടപെട്ട് ഇറാഖിനെ ആക്രമിച്ച ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ പോഷകാഹാരം ലഭിക്കാതെ മരിച്ച് വീണു. തങ്ങള്‍ക്ക് വഴങ്ങാത്ത ഇസ്ലാമിക രാജ്യങ്ങളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുവാന്‍ അമേരിക്ക തിടുക്കം കാട്ടി. ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നീക്കം തുടങ്ങി. ഇതിന് പുറമെ അമേരിക്ക മൂന്നാം ലോക രാഷ്ട്രങ്ങളുടെ മേല്‍ നടത്തുന്ന അധിനിവേശവും ശക്തമായ പ്രതിഷേധമായി വളര്‍ന്നു.

ഇതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാനെയും അല്‍ഖയ്ദയെും വളര്‍ത്താന്‍ അമേരിക്ക ശ്രദ്ധിച്ചിരുന്നു. അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ യുദ്ധത്തിന് വേണ്ടി താലിബാനും അല്‍ഖയ്ദക്കും ആളും അര്‍ഥവും നല്‍കി സഹായിച്ചത് അമേരിക്കയായിരുന്നു. ഒരു തരം തീവ്ര ഇസ്ലാമിനെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. തങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടായാല്‍ അത് തിരിച്ചടിയാകുമെന്ന് അമേരിക്കക്ക് അറിയാം. ഇത് മുന്നില്‍ കണ്ടാണ് ചെറു ന്യൂനപക്ഷമായ തീവ്രവിഭാഗത്തെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചത്. അമേരിക്കന്‍ എതിര്‍പ്പുകളെ ഈ വിഭാഗത്തില്‍ കേന്ദ്രീകരിക്കാനും മതരഹിതമായി, ചൂഷണത്തിനിരയാകുന്നവര്‍ ഏകീകരിക്കപ്പെട്ട് രാജ്യത്തിനെതിരെ തിരിയുന്നത് തടയുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു. സായുധ ആക്രമണം മാത്രം ലക്ഷ്യമായുള്ള തീവ്രവാദ ഗ്രൂപ്പിന് അമേരിക്കന്‍ വിരുദ്ധ നീക്കങ്ങളുടെ ചുക്കാന്‍ അവര്‍ തന്നെ ഏല്‍പ്പിച്ചു. ഇതാണ് പിന്നീട് ഇറാഖും അഫ്ഗാനിസ്ഥാനും കീഴടക്കാന്‍ അമേരിക്കക്ക് എളുപ്പം വഴിയൊരുക്കിയത്. സാമുവല്‍ ഹണ്ടിഗ്ടന്റെ നാഗരികതകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സിദ്ധാന്തം ഇങ്ങനെ രൂപം കൊണ്ടതാണ്.

അമേരിക്കക്കെതിരായി ആഗോളതലത്തിലുടലെടുത്ത പ്രതിഷേധം ഇസ്ലാമിസ്റ്റുകളെന്ന പേരില്‍ രംഗത്തുവന്ന അല്‍ഖയ്ദ സഖ്യം ഏറ്റെടുക്കുകയായിരുന്നു. മൂന്നാം ലോക ചേരിയുടെ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ പോലും പതുക്കെ അമേരിക്കന്‍ പക്ഷത്തേക്ക് നീങ്ങി. ഈ സമയത്താണ് വോള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തിലൂടെ ഇസ്ലാമിക തീവ്രവാദികള്‍ ലേകത്തെ ഞെട്ടിച്ചത്.

ആഗോള തലത്തില്‍ ഇസ്ലാമിന് ശക്തമായ നേതൃത്വമില്ലാത്ത സ്ഥിതിയാണുള്ളത്. ഇസ്ലാമിന് ശക്തിയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഭൂരിഭാഗവും അമേരിക്കന്‍ പക്ഷപാതികളാണ്. എന്നാല്‍ അമേരിക്കന്‍ വിരുദ്ധരായ അവിടത്തെ ജനത വന്‍തോതില്‍ ഇസ്ലീമിക തീവ്രവാദികള്‍ക്ക് പണം നല്‍കി സഹായിച്ചു. പക്ഷെ വിശുദ്ധ യുദ്ധമെന്ന രീതിയില്‍ അല്‍ഖയ്ദ നടത്തുന്ന നീക്കങ്ങള്‍ മനുഷ്യത്വ വിരുദ്ധവും അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്. യുദ്ധസമയത്ത് നിരപരാധികള്‍ കൊല്ലപ്പെടരുതെന്നാണ് ഇസ്ലാമിന്റെ നിലപാട്. മനുഷ്യ ആവാസ മേഖലയില്‍ അവര്‍ നടത്തുന്ന ആക്രണങ്ങള്‍ ഏത് മതത്തിന്റെ കണക്കിലാണ് എഴുതുകയെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ലോക സമാധാനം വിഭാവനം ചെയ്യുന്ന ഇസ്ലാമിന്റെ മുഖം ണുഴുവന്‍ കളങ്കപ്പെടുത്തുന്നതായിരുന്നു ഈ തീവ്രവാദി ആക്രമണങ്ങള്‍. ഇസ്ലാം എന്നാല്‍ ആക്രമണത്തിന്റെ പ്രത്യയശാസ്ത്രമായി വിലയിരുത്തപ്പെട്ടു.

യുദ്ധ ഭൂമിയില്‍ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടരുതെന്നും വൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നും നിര്‍ദേശിച്ച മതമാണിസ്ലാമെന്നത് ഈ തീവ്രവാദികള്‍ മറന്നു. നിരപരാധിയെ കൊലപ്പെടുത്തുന്നത് മാനവ സമൂഹത്തെ മൊത്തം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന മതപാഠം മറച്ചുവെച്ചാണ് അവര്‍ അന്ന് സെപ്തംബര്‍ 11ന് കാട്ടുനീതി നടപ്പാക്കിയത്.