Categories

90 ശതമാനം ഇന്ത്യക്കാരും മോഡിയ്ക്ക് എതിര്: ജാവേദ് അക്തര്‍

javed-akthar

ന്യൂദല്‍ഹി: എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ രംഗത്ത്.

മോഡിയെ എതിര്‍ക്കുന്നത് ദേശീയതയ്ക്ക് വിരുദ്ധമാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദഹം പറഞ്ഞു.

ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘മോഡിയെ എതിര്‍ക്കുന്നത് ദേശവിരുദ്ധമാണെന്ന് ചില വിഡ്ഢികള്‍ വിചാരിക്കുന്നു. ഞങ്ങള്‍ , 90 ശതമാനം വരുന്ന ഇന്ത്യക്കാര്‍ ദേശവിരുദ്ധരാണ് എന്നാണോ ഇവര്‍ പറയുന്നത്?’ അദ്ദേഹം ചോദിക്കുന്നു.

തനിക്ക് മാന്യമല്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്നതിനെതിരെ   രാജ്യസഭ എം.പി കൂടിയായ അക്തര്‍ കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.

‘മോഡിയുടെ ആരാധകരില്‍ നിന്നും എനിക്ക് ലഭിക്കുന്ന മാന്യമല്ലാത്ത, സഭ്യമല്ലാത്ത സന്ദേശങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ അനുയായികളുടെ നിലവാരം വെളിപ്പെടുത്തുന്നു.’

അക്തറും മോഡിയും തമ്മിലുളള പോര് തുടങ്ങുന്നത് കഴിഞ്ഞ മാസം മുതലാണ്. മോഡിയ്ക്ക് ഒരിക്കലും ഒരു നല്ല പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വര്‍ഗീയലഹളയുടെ കളങ്കം മാത്രമല്ല മോഡിയ്ക്കുള്ളത് മറിച്ച് അദ്ദേഹം ജനാധിപത്യത്തിന് തന്നെ എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള കേസുകള്‍ കോടതിയില്‍ നടക്കുകയാണെങ്കിലും ഈ വ്യക്തി ജനാധിപത്യത്തിന് എതിരാണ്.’ പാട്‌നയില്‍ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശങ്ങള്‍.

‘ഗുജറാത്തില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി എന്നത് ശരി തന്നെ എന്നാല്‍ ഇദ്ദേഹം ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്’ പത്മഭൂഷണ്‍ ജേതാവായ അക്തര്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശങ്ങളെ തുടര്‍ന്ന് മോഡിയുടെ അനുയായികള്‍ കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അതിനെ തുടര്‍ന്നാണ് പുതിയ അഭിപ്രായങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

Tagged with: