അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്തു. രണ്ടു ഘട്ടമായാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ച് മണിവരെ തുടര്‍ന്നു.ആദ്യ ഘട്ടം അഞ്ചര മണിക്കൂര്‍ നീണ്ടുനിന്നു. ഇടക്ക് നിര്‍ത്തിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പത് മണിയോടെ വീണ്ടും തുടങ്ങി. രണ്ടാം വട്ട ചോദ്യം ചെയ്യല്‍ നാലുമണിക്കൂറോളം നീണ്ടു.

എട്ടുവര്‍ഷം മുമ്പുനടന്ന കലാപവുമായി ബന്ധപ്പെട്ട് മോഡിയെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം 68 ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ 62 ചോദ്യങ്ങള്‍ക്കും മോഡി ആദ്യ സെഷനില്‍ മറുപടി നല്‍കി. അന്വേഷണ സംഘത്തിന്റെ ഗാന്ധിനഗറിലെ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍ . എസ് ഐ ടി തലവന്‍ ആര്‍ കെ രാഘവന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. അന്വേഷണ സംഘത്തിലെ മറ്റൊരു അംഗമായ എ കെ മല്‍ഹോത്രക്കു മുമ്പാകെയാണു മോഡി ഹാജരായത്.

അഞ്ച് മണിയോടെ എസ് ഐ ടി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ മോഡി മാധ്യമങ്ങളെ അഭിമുഖീകകിരിച്ചു. ‘ ഭരണഘടനയും നിയമവുമാണ് എല്ലാറ്റിനും മുകളില്‍ രാജ്യത്തെ ഓരോ പൗരനും അത് അനുസരിക്കണം’ മോഡി മാധ്യമങ്ങളോട് പറഞ്ഞു. ‘ചോദ്യം ചെയ്യല്‍ കഴിഞ്ഞിട്ടില്ല, എന്നോട് എല്ലാം ചോദിക്കാന്‍ ഉദ്യോഗസ്ഥരോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ സംശയിക്കേണ്ട, എസ് ഐ ടിയില്‍ ഗുജറാത്തിലെ പോലീസുകാരില്ല. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്’ മോഡി വ്യക്തമാക്കി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസിലാണ് നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എസ് ഐ ടി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മോഡി നേരിട്ട് എസ് ഐ ടി ഓഫീസില്‍ ഹാജരാവുകയായിരുന്നു.

കലാപം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

2002 ഫെബ്രുവരി 28നാണ് ഗുല്‍ബര്‍ഗ് മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടിലാണ് ആളുകള്‍ അഭയം തേടിയെത്തിയിരുന്നത്. ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടിലെത്തിയ കലാപകാരികള്‍ ഇവിടെ അഭയം തേടിയ 61 ഓളം പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമികള്‍ വന്നപ്പോള്‍ സഹായത്തിനായി നരേന്ദ്രമോഡിയെ വിളിച്ച ജാഫ്രിയെ മോഡി ചീത്ത വിളിച്ചതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.