ന്യൂദല്‍ഹി: 12ാം പഞ്ചവത്സര പദ്ധതിയിലെ 9% വളര്‍ച്ച എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ വന്‍വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംങ് അലുവാലിയ. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ 9% വളര്‍ച്ച എന്ന ലക്ഷ്യം അപ്രാപ്യമാണെന്നും അദ്ദേഹം പറഞ്ഞു.

7മുതല്‍ 7.5% വരെ വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് കഴിയും. അതില്‍ കൂടുതല്‍ വളര്‍ച്ച എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

7% വളര്‍ച്ച എന്നതിലൂടെ നമ്മള്‍ തുടങ്ങേണ്ടതുണ്ടെന്നും പതുക്കെ അത് 9%ത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യത്തിന്റെ പടിക്കലാണ് ആഗോള സമ്പദ് വ്യവസ്ഥയുള്ളതെങ്കിലും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ അവസ്ഥയില്‍ നിന്നും കരകയറാനാകുമെന്നും അദ്ദേഹം പറഞ്ഞു.

2012-17 പഞ്ചവത്സരപദ്ധതിയില്‍ 9.2%വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.