ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. സര്‍ക്കാര്‍ യു.പി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

മാര്‍ച്ച് 15നും മേയ് ഒന്‍പതിനുമിടയില്‍ 729 കൊലപാതകങ്ങളും, 803 ബലാത്സംഗങ്ങളും 799കൊള്ളകളും, 2682 തട്ടിക്കൊണ്ടുപോകലുകളും നടന്നു.’ പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന നിയമസഭയെ അറിയിച്ചു.

കൊലപാതകക്കേസുകളില്‍ 67.16% മാത്രമേ നടപടിയെടുത്തിട്ടുള്ളൂ. ബലാത്സംഗക്കേസുകളില്‍ 71.12% ലും തട്ടിക്കൊണ്ടുപോകല്‍ കേസില്‍ 52.23% ലും മാത്രമേ നടപടി കൈക്കൊണ്ടിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.


Must Read: നീളം കുറഞ്ഞ ടോപ്പും ചെറിയ പാവാടയും ധരിച്ചുള്ള വീഡിയോ; സൗദിയില്‍ യുവതി അറസ്റ്റില്‍


ഗുണ്ടാ ആക്ട് പ്രകാരം 131 പേര്‍ക്കെതിരെയും 126 പേര്‍ക്കെതിരെ അധോലോക ആക്ട് പ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്ന് പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി അംഗം ഷൈലേന്ദ്ര യാദവ് ആണ് നിയമസഭയില്‍ ചോദ്യമുന്നയിച്ചത്.

മുന്‍വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് ചോദിച്ചപ്പോള്‍ അവ ലഭ്യമല്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.