tunisian-jailടൂണിസ്: ടുണീഷ്യയിലെ രണ്ടു ജയിലുകളില്‍ നിന്നായി 800 തടവുകാര്‍ രക്ഷപെട്ടു. ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങളില്‍ പിഴവ് പറ്റിയതായാണ് തടവുകാര്‍ രക്ഷപ്പെടാന്‍ കാരണം.

കസേരിനിലെ ജയിലില്‍ നിന്നു 522 തടവുകാരും ഗാഫ്‌സ ജയില്‍ നിന്നു 300ഓളം പേരുമാണ് രക്ഷപെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടേയും സൈന്യത്തിന്റേയും തിരച്ചിലില്‍ 35 പേരെ പിടികൂടാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ജയിലിലെ തീപിടുത്തത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് കൂടുതല്‍ തടവുകാരും രക്ഷപ്പെട്ടത്. കസേരിന്‍ ജയിലിലെ സെല്ലുകളിലാണ് തീപിടുത്തമുണ്ടായത്.

അതേസമയം, ഗാഫ്‌സ ജയില്‍ നിന്നു എങ്ങനെയാണ് തടവുപുള്ളികള്‍ രക്ഷപെട്ടതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഗാഫ്‌സ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ സമരത്തിലായിരുന്നുവെന്നും ഇതാണ് തടവുകാര്‍ക്കു കൂട്ടത്തോടെ രക്ഷപെടാന്‍ വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ടുണീഷ്യന്‍ ഏകാധിപതി ബെന്‍അലിയെ നാടുകടത്തിയ ജനകീയപ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്നായി 11,000 തടവുകാരാണ് രക്ഷപെട്ടത്. ഇവരില്‍ 2000 പേര്‍ സ്വമേധയാ തിരികെ വന്നപ്പോള്‍ നിരവധി പേരെ സൈന്യം പിടികൂടുകയായിരുന്നു.