Categories

പഠിക്കുന്നതിനിടെ വിക്കി സംസാരിച്ചതിന് എട്ടുവയസുകാരനെ ടീച്ചര്‍ അടിച്ചുകൊന്നു

ലുധിയാന: പഠിക്കുന്നതിനിടെ വിക്കി സംസാരിച്ച എട്ടുവയസുകാരന്‍ ടീച്ചറുടെ മര്‍ദ്ദനത്തുടര്‍ന്ന് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍. മര്‍ദ്ദനമേറ്റതിനു പിന്നാലെ കുട്ടി ക്ഷീണിതനാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

ഗുണ്ടു എന്ന ബിന്ദു റാം ആണ് മരിച്ചത്. പാഖോവല്‍ റോഡിലെ പാസി നഗര്‍ സ്വദേശിയാണ് ബിന്ദു റാം.

ടീച്ചര്‍ക്കെതിരെ ബന്ധുക്കള്‍ ദുഗ്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിനുശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

കുട്ടിയുടെ ക്ലാസ് ടീച്ചറായ യുവതി ബിന്ദു റാമിനെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ബിന്ദുവിന്റെ അമ്മാവന്‍ അജയ് കുമാര്‍ ആരോപിക്കുന്നു. ശനിയാഴ്ച സ്‌കൂളില്‍ നിന്നും വന്നത് ഉറക്കെ കരഞ്ഞുകൊണ്ടായിരുന്നു. കാര്യം ചോദിച്ചപ്പോള്‍ ടീച്ചര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും അതിനാല്‍ ഇനി സ്‌കൂളില്‍ പോകില്ലെന്നും പറഞ്ഞെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.


Also read: നഗ്നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത ആരാണ് സംരക്ഷിക്കുക


കുട്ടിയുടെ ചെവിയുടെ പിറകില്‍ നല്ല വീക്കമുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. ശനിയാഴ്ച രാത്രിയോടെ തീര്‍ത്തും തളര്‍ന്ന അവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി മരണപ്പെട്ടത്.

ടീച്ചര്‍ മുടിപിടിച്ച് തല അടിക്കുകയാണുണ്ടായതെന്നാണ് ബിന്ദു പറഞ്ഞതെന്ന് സഹോദരി സപ്‌ന പറയുന്നു.

സ്‌കൂളിലെത്തി കുട്ടിയെ മര്‍ദ്ദിക്കരുതെന്ന് പലതവണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ടീച്ചര്‍ അതു ചെവിക്കൊണ്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.