ബാംഗ്ലൂര്‍ : കര്‍ണ്ണാടക മന്ത്രിസഭയിലെ യെദ്യൂരപ്പ  പക്ഷക്കാരായ എട്ട് മന്ത്രിമാര്‍ രാജിവെച്ചു. മുഖ്യമന്ത്രിയുടെ വസതിയായ അനുഗ്രഹയിലെത്തിയായിരുന്നു മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്.

നിയമസഭാകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് രാജിവെച്ചതെന്ന് രാജിവെച്ച ബസവരാജ് ബൊമ്മെ, സി.എം. ഉദാസി എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സദാനന്ദഗൗഡ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി  ഗവര്‍ണ്ണര്‍ എച്ച്. ആര്‍. ഭരദ്വാജുമായി കൂടിക്കാഴ്ച്ച നടത്തും.

നേതൃമാറ്റം സംബന്ധിച്ച് വെള്ളിയാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍ പത്ത് മന്ത്രിമാര്‍ രാജിവെക്കുമെന്ന് യെദ്യൂരപ്പ  വിഭാഗം കേന്ദ്ര നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ സദാനന്ദഗൗഡ മുഖ്യമന്ത്രിയായി തുടരുമെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തതോടെ മന്ത്രിമാര്‍ രാജിവെക്കുകയായിരുന്നു.

മന്ത്രിമാരായ എം.പി രേണുകാചാര്യ, ഉമേഷ് കട്ടി, ജഗദീഷ് ഷെട്ടാര്‍, സി.എം. ഉദാസി, രവി നായിക് ബല്‍ഗാമി, വി. സോമണ്ണ, ബസവരാജ് ബൊമ്മെ, മുരുകേഷ് നിറാനി എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. നേരിട്ട് എത്താത്തതിനെ തുടര്‍ന്ന് മന്ത്രി ശോഭാ കരന്തലജെയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല. ഇവര്‍ ശനിയാഴ്ച്ച രാജിക്കത്ത് നല്‍കുമെന്ന് സി.എം. ഉദാസി അറിയിച്ചു.